
മേപ്പാടി: മണ്ണിനൊപ്പം ഒരു നിയന്ത്രണവുമില്ലാതെ അതിവേഗം തങ്ങൾക്ക് നേരെ ഒഴുകിയെത്തുന്ന ലോറി...ജീവിതത്തിലേക്ക് ഓടിക്കയറാൻ ആവുമോ എന്ന ആശങ്കയോടെ അവർ തിരിഞ്ഞോടി...ഓടുന്ന സമയത്ത് അവരുടെ മനസ്സിൽ തങ്ങളുടെ പിഞ്ചു കുഞ്ഞുങ്ങളുടെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വയനാട്ടിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണത്തെ മുഖാമുഖം കണ്ട കൂടമ്മാളിനെ ഭർത്താവ് പോൾ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത് ഒരു ദുരന്തത്തിലെ ആശ്വാസക്കാഴ്ചയായി മാറുകയായിരുന്നു.
ദുരന്തത്തിൽ നിന്ന് അത്ഭുതകരമായാണ് കൂടമ്മാൾ രക്ഷപെട്ടത്. മേപ്പാടിയിലേക്ക് പോകാൻ എത്തിയതായിരുന്നു ഇവർ. പാലത്തിനു താഴെയെത്തിയപ്പോഴും വെള്ളവും മണ്ണും കുത്തിയൊലിച്ചുവരുന്നത് കണ്ട് ബസ്റ്റോപ്പിൽ നിന്നവർ ബഹളം വച്ച് താഴേക്ക് ഓടിയെത്തിയത് ഇവർക്ക് രക്ഷയായി. ബഹളം കേട്ട് നോക്കിയപ്പോഴാണ് അപകടം ഒരു ലോറിയുടെ രൂപത്തിൽ അതിവേഗം ഇവർക്ക് അടുത്തേക്ക് നിരങ്ങിയെത്തുന്നത് കണ്ടത്. ജീവൻ കൈയിലെടുത്ത് ഇവർ ഓടിയെങ്കിലും അൽപ്പദൂരം പിന്നിട്ടപ്പോൾ കൂടമ്മാൾ വീണുപോയി. എന്നാൽ, പോൾ അടുത്തുവരുന്ന അപകടത്തെ അവഗണിച്ച് പ്രിയതമയെ കൈപിടിച്ച് ഉയർത്തുന്ന കാഴ്ച കരളലിയിക്കുന്നതായിരുന്നു.
നിരങ്ങിവന്ന ലോറി കൂടമ്മാളിനടുത്തുവരെ എത്തിയിരുന്നു. അവിടെയുണ്ടായിരുന്ന ഒരു ജീപ്പിൽ തട്ടി ലോറിയുടെ വേഗത കുറഞ്ഞതും രക്ഷയായി. എന്തായാലും ഈ സമയം പോൾ ഭാര്യയെ എഴുന്നേൽപ്പിക്കുന്നതിൽ മാത്രം ശ്രദ്ധിച്ച് നിൽക്കുന്നത് സ്നേഹത്തിന്റെ നേർക്കാഴ്ചയായി! മീനാക്ഷിപുരം ഏലം എസ്റ്റേറ്റിലെ തൊഴിലാളികളാണ് തമിഴ്നാട് സ്വദേശികളായ കൂടമ്മാളും ഭർത്താവ് പോളും. ഇവർ അവധിയായതിനാൽ ബാങ്കിൽ പോകുന്നതിന് ഇതുവഴി വന്നതായിരുന്നു. അപകടസമയത്ത് കുട്ടികളുടെ മുഖം മാത്രമായിരുന്നു ചിന്തിച്ചിരുന്നത് എന്ന് ദമ്പതികൾ പറഞ്ഞു.






