
ന്യൂഡൽഹി: കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സ് നൽകിയ വിവരാവകാശ മറുപടി പ്രകാരം, കോൺഗ്രസ് പാർട്ടിയുടെ മുൻ ആസ്ഥാനമായ ന്യൂഡൽഹിയിലെ 24, അക്ബർ റോഡ് ബംഗ്ലാവ് 2013 ജൂൺ 26 മുതൽ പാർട്ടി അനധികൃതമായി കൈവശം വെച്ചിരിക്കുകയാണ്. 1992 ഓഗസ്റ്റ് 7-നാണ് ഈ ബംഗ്ലാവ് കോൺഗ്രസിന് അനുവദിച്ചതെങ്കിലും 2013-ൽ ഈ അലോട്ട്മെന്റ് റദ്ദാക്കിയിരുന്നു. ന്യൂഡൽഹിയിലെ 9എ, കോട്ല മാർഗിൽ സ്ഥിതി ചെയ്യുന്ന ഇന്ദിര ഭവനിലേക്ക്, 2025 ജനുവരി 15-നാണ് പാർട്ടി തങ്ങളുടെ പ്രവർത്തനം മാറ്റിയത്.
അലോട്ട്മെന്റ് റദ്ദാക്കിയ തീയതിക്ക് ശേഷം ഈ ബംഗ്ലാവിനായി കോൺഗ്രസിൽ നിന്നും സർക്കാരിന് വാടകയൊന്നും ലഭിച്ചിട്ടില്ലെന്നും പാർട്ടി അടയ്ക്കാനുള്ള കുടിശ്ശിക തുക എത്രയെന്ന് ഇതുവരെ കണക്കാക്കിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ, ബംഗ്ലാവ് ഒഴിഞ്ഞുതരണമെന്ന് കാണിച്ച് കോൺഗ്രസിന് നൽകിയ നോട്ടീസുകളുടെ പകർപ്പുകൾ പുറത്തുവിടാൻ ഡയറക്ടറേറ്റ് വിസമ്മതിച്ചു.
ഇതേ വിവരാവകാശ അപേക്ഷയിൽ ബിജെപിയുടെ മുൻ ആസ്ഥാനമായിരുന്ന 11, അശോക റോഡ് ബംഗ്ലാവിനെക്കുറിച്ചും വിവരങ്ങൾ ചോദിച്ചിരുന്നു. ഇത് ഇപ്പോൾ ലോക്സഭാ അംഗങ്ങളുടെ പൂളിന്റെ ഭാഗമാണെന്നും, അതുകൊണ്ടുതന്നെ ഇതിന്റെ വാടക വിവരങ്ങളുമായി ബന്ധപ്പെട്ട അപേക്ഷ ലോക്സഭാ സെക്രട്ടേറിയറ്റിലേക്ക് മാറ്റിയിട്ടുണ്ടെന്നും മറുപടിയിൽ പറയുന്നു. കൂടാതെ ബിജെപിയുടെ ഭാഗത്തുനിന്ന് സർക്കാരിലേക്ക് എന്തെങ്കിലും കുടിശ്ശികയുണ്ടോ എന്ന കാര്യവും നിലവിൽ പുനഃപരിശോധനയിലാണ്.






