
കെയ്റോ: ഈജിപ്ഷ്യന്‍ മരുഭൂമിയില്‍ മണ്ണുമൂടിയ നിലയില്‍ പുരാതന നഗരം കണ്ടെത്തി. 1,600 വര്‍ഷം മുമ്പ് മറഞ്ഞ നഗരത്തെയാണു ഖനനം ചെയ്തെടുത്തതെന്നു ഗവേഷകര്‍. ഡാഖ്ല ഒയാസിസില്നിന്നാണു ബൈസാന്റൈന്‍ കാലഘട്ടത്തിലെ വിശാലമായ നഗരം കണ്ടെത്തിയത്. ഇവിടെനിന്നു പുരാതന പള്ളി, നാണയങ്ങള്‍, വീടുകള്‍, കാവല്‍ ഗോപുരങ്ങള്‍, തിരക്കേറിയ തെരുവുകള്‍ എന്നിവ ഗവേഷകര്‍ക്കു മുന്നില്‍ തെളിഞ്ഞുവന്നു.
നാലാം നൂറ്റാണ്ടിലെ ജീവിതത്തിന്റെ കാഴ്ചകള്‍ സമ്മാനിക്കുന്ന കമാന ആകൃതിയിലുള്ള മേല്‍ക്കൂരയുള്ള വീടുകള്‍, ബ്രെഡ് ഓവനുകള്‍, അടുക്കളകള്‍, കല്ല് മില്ലുകള്‍ എന്നിവ ഗവേഷകര്‍ വേര്‍തിരിച്ചെടുത്തു. കച്ചവട ഇടപാടുകളും കത്തുകളും രേഖപ്പെടുത്തിയ ഇരുന്നൂറോളം മണ്‍പാത്രക്കഷണങ്ങളും ചില നാണയങ്ങളും ലഭിച്ചിട്ടുണ്ട്. നഗരത്തിന്റെ അതിര്‍ത്തികളെ സംരക്ഷിക്കാന്‍ രണ്ട് കാവല്‍ ഗോപുരങ്ങളും ശക്തമായ കോട്ടയും ഉണ്ടായിരുന്നു. നഗരത്തിന്റെ മധ്യത്തിലായി, പ്രധാന തെരുവുകളിലൊന്നിന് അഭിമുഖമായി ഒരു ബസിലിക്ക പള്ളി കണ്ടെത്തി. ഈജിപിന്റെ പടിഞ്ഞാറന്‍ പ്രവിശ്യയായ ന്യൂ വാലിയിലെ പടിഞ്ഞാറന്‍ മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ഈ നഗരം, യുനെസ്കോയുടെ താല്‍ക്കാലിക പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ലോക പൈതൃക പട്ടികയിലേക്കു പരിഗണിക്കപ്പെടുന്നുണ്ട്. ഒരു സമ്പൂര്‍ണ സമൂഹത്തിന് ആവശ്യമായ എല്ലാ വാസ്തുവിദ്യാ ഘടകങ്ങളും ഈ ജനവാസ കേന്ദ്രത്തില്‍ ഉണ്ടായിരുന്നുവെന്നു ഡാഖ്ല ആന്റിക്വിറ്റീസ് ഡയറക്ടര്‍ ജനറലും ഖനന ദൗത്യത്തിന്റെ തലവനുമായ മഹ്മൂദ് മസൂദ് അറിയിച്ചു.
അലക്സാന്‍ഡ്രിയയ്ക്ക് പടിഞ്ഞാറ് മെഡിറ്ററേനിയന്‍ തീരത്ത് 60 മൈല്‍ അകലെയുള്ള മരീന എല്‍-അലാമേനില് നടന്ന മറ്റൊരു ഖനനത്തില്‍, പുരാവസ്തു ഗവേഷകര്‍ മനുഷ്യ അവശിഷ്ടങ്ങള്‍ അടങ്ങിയ 8 അടി നീളമുള്ള വലിയ ഗ്രാനൈറ്റ് ശവപ്പെട്ടി ഉള്‍പ്പെടെ 18 പുരാതന ശവകുടീരങ്ങള്‍ കണ്ടെത്തി. വായില്‍ നേര്‍ത്ത സ്വര്ണപ്പരടുകള്വച്ച് അടക്കം ചെയ്ത നിരവധി മൃതദേഹങ്ങളും അവര്‍ കണ്ടെത്തി. 'സ്വര്‍ണ നാവുകാര്ക്ക് ' പരലോകത്ത് സംസാരിക്കാന്‍ കഴിയുമെന്ന്് പുരാതന ഗ്രീക്കുകാരും റോമാക്കാരും വിശ്വസിച്ചിരുന്നു.
നാലാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ ഏഴാം നൂറ്റാണ്ടിന്റെ മധ്യകാലം വരെയുള്ള ഈ കാലയളവില്‍ മേഖലയില്‍ ക്രിസ്തുമതം ശക്തിയാര്‍ജിച്ചിരുന്നു. പുതുതായി കണ്ടെത്തിയ നഗരം ആ കാലഘട്ടത്തിലേതാണ്. റോമന്‍ പാരമ്പര്യങ്ങളും ക്രിസ്തീയ വിശ്വാസങ്ങളും ഈജിപ്ഷ്യന്‍ സംസ്കാരവും ഒത്തുചേര്‍ന്ന ഒരു കാലത്തെ ജീവിതത്തിന്റെ അപൂര്‍വമായ ഒരു ചിത്രമാണ് ആ നഗരം പകര്‍ന്നു നല്‍കുന്നത്.




