
ടെഹ്റാന്/വാഷിങ്ടണ്‍: യു.എസ്-ഇറാന് ഇടക്കാല സമാധാനക്കരാറും അല്‍പ്പായുസ്സായി! വെടിനിര്‍ത്തല്‍ അവസാനിച്ചെന്ന് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യു.എസിനെ സഹായിക്കുന്ന ആരെയും ആക്രമിക്കുമെന്ന് ഇറാനും പ്രഖ്യാപിച്ചതോടെ പശ്ചിമേഷ്യ വീണ്ടും അശാന്തമായി. ആഗോളവിപണിയില്‍ എണ്ണവില 6% ഉയര്‍ന്നു. ഇറാനെതിരേ ഇന്ന് (ബുധനാഴ്ച) കനത്ത ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ നാറ്റോ ഉച്ചകോടിയോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ധാരണ അവസാനിച്ചെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇനി അവരുമായി ഒരു ധാരണയുണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ല. അവര്‍ നികൃഷ്ടരും നുണയന്മാരുമാണ്. ഇറാനുമായി ചര്‍ച്ച തുടരുന്നത് സമയം പാഴാക്കലാണ്. അവര്‍ക്കു കിറുക്കാണെന്നും ട്രംപ് ആരോപിച്ചു.ഇറാനെതിരേ യു.എസ്. ഇന്നലെ ആക്രമണങ്ങള്‍ പുനരാരംഭിച്ചു. യു.എസിന്റെ എം.ക്യു9 ഡ്രോണ്‍ വെടിവച്ചിട്ടതായി ഇറാന് അവകാശപ്പെട്ടു. ഹോര്‍മുസ് കടലിടുക്കില്‍ ചരക്കുകപ്പലുകളെ ആക്രമിച്ചതിനു പ്രതികാരമായി ഇറാനിലെ 80 ലക്ഷ്യങ്ങള്‍ തകര്‍ത്തെന്ന് യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. വ്യോമപ്രതിരോധസംവിധാനങ്ങള്‍, കമാന്‍ഡ്-കണ്ട്രോള് ശൃംഖല, തീരദേശ റഡാര്‍ സംവിധാനങ്ങള്‍, കപ്പല്‍വേധ സംവിധാനങ്ങള്‍, ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐ.ആര്.ജി.സി) 60 ബോട്ടുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്നതിനുള്ള ഉപരോധവും യു.എസ്. പുനഃസ്ഥാപിച്ചു. ഇറാനിലെ പ്രധാന എണ്ണസംഭരണകേന്ദ്രങ്ങളായ ഖാര്‍ഗ്, ക്യുഷെം ദ്വീപുകള്‍, തെക്കന്‍ തുറമുഖനഗരങ്ങളായ സിറിക്, ബന്ദാര് അബ്ബാസ് എന്നിവിടങ്ങളില്‍ സ്ഫോടനമുണ്ടായതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.കുവൈത്തിലെയും ബെഹ്റൈനിലെയും യു.എസ്. താവളങ്ങളില്‍ ഇറാന് പ്രത്യാക്രമണം നടത്തി. യു.എസിന്റെ 85 സൈനികകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഐ.ആര്.ജി.സി. വ്യക്തമാക്കി. കുവൈത്തിലെ അലി അല്‍-സലിം വ്യോമതാവളവും ബഹ്റൈനില്‍ സല്മാന് തുറമുഖത്തുള്ള അഞ്ചാം കപ്പല്‍പ്പട താവളവും ആക്രമിക്കപ്പെട്ടു. മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിച്ചതായും ജനങ്ങള്‍ സുരക്ഷാനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കുവൈറ്റ് സൈന്യം 'എക്സി'ല്‍ കുറിച്ചു.ബഹ്റൈന്‍ ആഭ്യന്തരമന്ത്രാലയവും ജനങ്ങള്‍ക്കു ജാഗ്രതാനിര്‍ദേശം നല്കി. ഹോര്‍മുസ് കടലിടുക്കില്‍ തങ്ങളുടെ കപ്പലിനുനേരേ ഇറാന് നടത്തിയ ആക്രമണത്തെ ഖത്തര്‍ അപലപിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് 'അല്‍-രെകായത്ത്' എന്ന കപ്പല്‍ ആക്രമിക്കപ്പെട്ടത്. അതേസമയം, ഇറാനുനേരേ ഏറ്റവുമൊടുവിലുണ്ടായ യു.എസ്. ആക്രമണത്തെ പിന്തുണച്ച് 'നാറ്റോ' രംഗത്തെത്തി. ഈ ആക്രമണം അനിവാര്യമായിരുന്നെന്ന് യു.എസ്. പ്രസിഡന്റ് ട്രംപ് പങ്കെടുക്കുന്ന ഉച്ചകോടിക്കിടെ നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക് റുട്ടെ പ്രതികരിച്ചു.
ഇന്ത്യന്‍ എണ്ണ ടാങ്കര്‍ ഒമാന്‍ പാതയില്‍നിന്ന് പിന്‍വാങ്ങി
ഹോര്‍മുസ് കടലിടുക്കിലെ ഒമാന്‍ പാതയില്‍നിന്ന് ഇന്ത്യന്‍ എണ്ണ ടാങ്കര്‍ കപ്പല്‍ പിന്‍വാങ്ങിയതായി ഇറാനിലെ ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഒമാന്‍ ഇടനാഴി ഉപയോഗിക്കരുതെന്നും തങ്ങള്‍ നിശ്ചയിച്ച പാതയിലൂടെയേ ഹോര്‍മുസില്‍ സഞ്ചരിക്കാവൂവെന്നും ചരക്കുകപ്പലുകള്‍ക്ക് ഇറാന് മുന്നറിയിപ്പ് നല്‍കിയിരുന്നു.




