ജറുസലേം: തുര്‍ക്കിക്ക് അത്യാധുനിക സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങളായ എഫ്-35 വില്‍ക്കാനുള്ള യു.എസ് നീക്കത്തിനെതിരേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന് നെതന്യാഹു.
തുര്‍ക്കിക്ക് എഫ്-35 വിമാനങ്ങള്‍ കൈമാറുന്നത് പശ്ചിമേഷ്യയിലെ സൈനിക സന്തുലിതാവസ്ഥയെ പൂര്‍ണമായും തകര്‍ക്കുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നല്കി. അമേരിക്കന്‍ ചാനലായ സി.എന്‍.എന്നിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
തുര്‍ക്കിക്ക് എഫ്-35 വിമാനങ്ങള്‍ വില്‍ക്കുന്നത് പരിഗണനയിലുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് നെതന്യാഹുവിന്റെ പരസ്യ പ്രതികരണം.
നാറ്റോ ഉച്ചകോടിക്കായി തുര്‍ക്കിയിലെത്തിയ ട്രംപ്, അമേരിക്കയുടെ അസാധാരണ പങ്കാളി എന്നാണ് തുര്‍ക്കിയെ വിശേഷിപ്പിച്ചത്. തന്റെ ആദ്യ ഭരണകാലത്ത് തുര്‍ക്കിക്ക് മേല്‍ ഏര്‍പ്പെടുത്തിയ എഫ്-35 വിലക്ക് നീക്കാന്‍ താന്‍ തയാറാണെന്ന സൂചനയും ട്രംപ് നല്‍കിയിരുന്നു.
അമേരിക്കയുടെ അത്യാധുനിക വിമാനങ്ങള്‍ കൈക്കലാക്കിയത് കൊണ്ട് മാത്രം തുര്‍ക്കി യു.എസിന്റെ സൗഹൃദ രാജ്യമാകില്ലെന്ന് നെതന്യാഹു ഓര്‍മ്മിപ്പിച്ചു.
തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്റെ ഭരണകൂടം മുസ്ലിം ബ്രദര്‍ഹുഡ് പ്രത്യയശാസ്ത്രത്താല്‍ സ്വാധീനിക്കപ്പെട്ടതാണെന്നും അവര്‍ക്ക് അമേരിക്കയോട് വെറുപ്പാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.





