
ഇസ്ലാമാബാദ്: ഷാര്‍ജയില്‍നിന്ന് കറാച്ചിയിലേക്ക് പോകുന്നതിനിടെ കാണാതായ പാക് ചരക്ക് വിമാനം തകര്‍ന്നുവീണതായി സ്‌ഥിരീകരണം. വിമാനത്തില്‍ ഉണ്ടായിരുന്ന അഞ്ചുപേരും മരിച്ചു. അറബിക്കടലില്‍ കറാച്ചി തീരത്തിന് സമീപത്തായാണ് വിമാനം തകര്‍ന്നുവീണതെന്ന് പാകിസ്‌താന്‍ അറിയിച്ചു.
കെ2 എയര്‍വേസിന്റെ ബോയിങ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പറന്നുയര്‍ന്ന് മണിക്കൂറുകള്‍ കഴിയുമ്പോള്‍ വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണെന്ന് സ്‌ഥിരീകരിച്ചത്. അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.
ചൊവ്വാഴ്‌ച രാത്രി കറാച്ചിക്ക് സമീപമാണ് വിമാനവുമായുള്ള ബന്ധം വിചേ്‌ഛദിക്കപ്പെട്ടത്. പാക് സമയം രാത്രി 9.18-ഓടെ വിമാനത്തിന്റെ നാവിഗേഷന്‍ സംവിധാനത്തില്‍ തകരാറുള്ളതായി പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് വിമാനത്തെ സഹായിക്കാന്‍ കണ്‍ട്രോളര്‍മാര്‍ ശ്രമിച്ചെങ്കിലും 9.21-ഓടെ റഡാറില്‍നിന്ന് വിമാനം അപ്രത്യക്ഷമായി.
പാകിസ്‌താനിലെ സ്വകാര്യ കാര്‍ഗോ എയര്‍ലൈനായ കെ2 എയര്‍വേസ് ആഭ്യന്തര-രാജ്യാന്തര തലങ്ങളില്‍ ഷെഡ്യൂള്‍ഡ് സര്‍വീസുകളും ചാര്‍ട്ടര്‍ സര്‍വീസുകളും നടത്തുന്നുണ്ട്. 1999-ല്‍ നിര്‍മിച്ച ഈ വിമാനം 2012-ല്‍ കാര്‍ഗോ വിഭാഗത്തിലേക്ക് മാറ്റുന്നതിനു മുമ്പ് എയറോഫ്‌ളോട്ട്, ഗരുഡ ഇന്തോനീഷ്യ എന്നീ കമ്പനികള്‍ക്ക് വേണ്ടി യാത്രാവിമാനമായി സര്‍വീസ് നടത്തിയിരുന്നതാണ്.
ഒരു പതിറ്റാണ്ടിനിടെ നിരവധി മാരകമായ വിമാനാപകടങ്ങള്‍ നടന്ന ചരിത്രമാണ് പാകിസ്‌താന്റെ വ്യോമയാന മേഖലയ്‌ക്കുള്ളത്. സുരക്ഷാ പ്രശ്‌നങ്ങളും പൈലറ്റുമാരുടെ ലൈസന്‍സ് സംബന്ധിച്ച ആശങ്കകളും മുന്‍നിര്‍ത്തി പാകിസ്‌താന്റെ ദേശീയ എയര്‍ലൈന് യൂറോപ്യന്‍ യൂണിയന്‍ നാല് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും, 2024-ല്‍ ഇതു നീക്കിയിരുന്നു.




