മുംബൈ: ഇറാനുമായുള്ള ധാരണാപത്രം തകര്‍ന്നെന്ന യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഓഹരി വിപണിയില്‍ ഇടിവ്. സെന്‍സെക്സ് വെറും 30 മിനിറ്റിനുള്ളില്‍ 1,000 പോയിന്റാണ് ഇടിഞ്ഞത്. ഇനി ഇറാനുമായി ഇടപഴകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1:40-ന് സെന്‍സെക്സ് 77,603.9 എന്ന നിലയിലായിരുന്നു വ്യാപാരം നടത്തിയിരുന്നത്. എന്നാല്‍ അടുത്ത 30 മിനിറ്റിനുള്ളില്‍ അത് 1,000 പോയിന്റ് ഇടിഞ്ഞ് 76,527.81 പോയിന്റിലെത്തി. ഇത് 1.4 ശതമാനത്തിന്റെ ഇടിവാണ്. വിപണിയിലെ അസ്ഥിരത അളക്കുന്ന ഇന്ത്യ വിഐഎക്സ് സൂചിക 27 ശതമാനം ഉയര്‍ന്ന് 14.77 എന്ന നിലയിലെത്തി. കുറഞ്ഞ നിരക്കില്‍ വ്യാപാരം ആരംഭിച്ച നിഫ്റ്റി, വന്‍കിട കമ്പനികളുടെ ഓഹരികള്‍ വ്യാപകമായി വിറ്റഴിക്കപ്പെട്ടതോടെ സെഷനിലുടനീളം കനത്ത സമ്മര്‍ദത്തിലായിരുന്നു. ഒടുവില്‍ ദിവസത്തെ ഏറ്റവും താഴ്ന്ന നിലയ്ക്ക് അടുത്ത് 516.65 പോയിന്റ് (2.12 ശതമാനം) ഇടിഞ്ഞ് 23,882.05-ല്‍ വ്യാപാരം അവസാനിപ്പിച്ചു.
സെന്‍സെക്സ് 1,677.12 പോയിന്റ് അഥവാ 2.15 ശതമാനം ഇടിഞ്ഞ് 76,503.60 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടയില്‍ ഒരു ഘട്ടത്തില്‍ ഇത് 1,921.69 പോയിന്റ് (2.45 ശതമാനം) വരെ താഴ്ന്ന് 76,259.03 എന്ന നിലയിലെത്തിയിരുന്നു.
വിപണിയിലെ പെട്ടെന്നുള്ള ഈ അസ്ഥിരത വരും ദിവസങ്ങളിലും തുടര്‍ന്നേക്കാമെന്നു വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി. പ്രധാന സൂചികകളെല്ലാം ഇന്നലെ നഷ്ടത്തിലാണ് അവസാനിച്ചത്. എഫ്എംസിജി , ധനകാര്യ, ബാങ്കിങ് ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്.





