
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബാരൂയിപൂരില്‍ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. കഴിഞ്ഞ ദിവസം രാത്രി തെളിവെടുപ്പിനിടെയാണു സംഭവം. കേസിലെ മൂന്നു പ്രതികളിലൊരാളായ പ്രഭാഷ് മണ്ഡല് ആണ് കൊല്ലപ്പെട്ടത്.
തെളിവെടുപ്പിനിടെ പ്രതി പോലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് വെടിയുതിര്‍ത്തപ്പോഴാണ് പോലീസ് സംഘം തിരിച്ചടിച്ചതെന്ന് ഉന്നതോദ്യോഗസ്ഥര്‍ അറിയിച്ചു. ഈ ആഴ്ച ആദ്യമാണ് ബാരൂയിപൂരിലെ കുളത്തില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇത് പ്രദേശത്ത് വലിയ ജനരോഷത്തിനും അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നു. അക്രമാസക്തമായ ജനക്കൂട്ടം കേസില്‍ പങ്കുണ്ടെന്നു കരുതുന്ന ഇന്ദ്രജിത് മണ്ഡല് എന്നയാളെ മര്‍ദിച്ചു കൊലപ്പെടുത്തിയതോടെ സംഭവം വിവാദമായിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്ത സൂര്യപുരിലുണ്ടായ സംഭവങ്ങള്‍ പുനരാവിഷ്കരിക്കുന്നതിനായാണ് ബാരൂയിപുര് പോലീസ് സ്റ്റേഷനില്‍നിന്നുള്ള സംഘം പുലര്‍ച്ചെ 1.45 ഓടെ പ്രഭാഷ് മണ്ഡലുമായി പുറപ്പെട്ടത്. തെളിവെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പ്രഭാഷ് മണ്ഡല് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സര്‍വീസ് പിസ്റ്റള്‍ തട്ടിയെടുക്കുകയും പോലീസ് സംഘത്തിന് നേരെ ഒരു റൗണ്ട് വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു.
തുടര്‍ന്ന് പോലീസ് സംഘം തിരിച്ചടിയ്ക്കുകയും വെടിവയ്പ്പില്‍ പ്രതിക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഉടന്‍ തന്നെ ബാരൂയിപുര് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാതായി ദിവസങ്ങള്‍ക്കുള്ളിലാണ് ഈ മാസം അഞ്ചിന് കുളത്തില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇതോടെയാണ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. കുട്ടിയെ കാണാതായ സംഭവത്തില്‍ അധികൃതര്‍ സമയബന്ധിതമായി നടപടിയെടുത്തില്ലെന്ന് ജനങ്ങള്‍ ആരോപിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട ജനങ്ങള്‍ ബാരൂയിപുര്-ജോയ്നഗര്‍ റോഡ് ഉപരോധിക്കുകയും പോലീസ് വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.
കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിച്ച് ഇന്ദ്രജിത് മണ്ഡല് എന്നയാളെ പ്രകോപിതരായ ജനക്കൂട്ടം തല്ലിക്കൊല്ലുകയും ചെയ്തു.
പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി മണിക്കൂറുകള്‍ക്കകമാണ് ജനക്കൂട്ടം ഇന്ദ്രജിതിനെ ആക്രമിച്ചു കൊലപ്പെടുത്തിയത്. എന്നാല്‍, ഇയാള്‍ക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് പോലീസ് പിന്നീട് വ്യക്തമാക്കി. ആള്‍ക്കൂട്ട മര്‍ദനവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ, പെണ്‍കുട്ടിയുടെ കൊലപാതകം വിശദമായി അന്വേഷിക്കാന്‍ ആറംഗ പ്രത്യേക അന്വേഷണ സംഘവും (എസ്.ഐ.ടി) രൂപീകരിച്ചു.
ശക്തമായ ജനരോഷം ഉയര്‍ന്നതോടെ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി വിഷയത്തില്‍ ഇടപെട്ടിരുന്നു. 72 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം അദ്ദേഹം പോലീസിനു നിര്‍ദേശം നല്കി. അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി. പെണ്‍കുട്ടിയൂടെ കുടുംബത്തെ സന്ദര്‍ശിച്ച അദ്ദേഹം, അന്വേഷണ പുരോഗതി വിലയിരുത്തുകയും ചെയ്തു.




