
ന്യൂഡല്‍ഹി: തീവ്രമായ കാലവര്‍ഷക്കെടുതികളില്‍ വലഞ്ഞ് രാജ്യം. വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനു പിന്നാലെ ഉത്തരേന്ത്യയിലും വന്‍ നാശം. ഡല്‍ഹിയിലും മഹാരാഷ്ട്രയിലും കെട്ടിടങ്ങള്‍ തകര്‍ന്നുവീണ് നിരവധിപേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു. കനത്ത മഴയെത്തുടര്‍ന്ന് പലയിടത്തും ജനജീവിതം പൂര്‍ണമായും സ്തംഭിച്ചു. ഡല്‍ഹിയിലെ രോഹിണിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടമാണു ഇന്നലെ വൈകിട്ട് നാലു മണിയോടെതകര്ന്നുവീണത്. അപകടത്തില്‍ ഒരാള്‍ മരിച്ചതായാണ് പ്രാഥമിക വിവരം. അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് രണ്ടു പേരെ രക്ഷിച്ചു. അഞ്ചു കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമം രാത്രി വൈകിയും തുടര്‍ന്നു. കനത്ത വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഡല്‍ഹി-ഗുരുഗ്രാം എക്സ്പ്രസ് വേയില്‍ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ദുരിതപശ്ചാത്തലത്തില് ഐ.ടി ഉള്‍പ്പെടെയുള്ള സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' അനുവദിക്കണമെന്ന് ഗുരുഗ്രാം പോലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഡല്‍ഹി-ജയ്പുര്‍ ഹൈവേ(എന്‍.എച്ച് 48) യുടെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്നതിനെത്തുടര്‍ന്ന് രണ്ടു ലെയിനുകളില്‍ ഗതാഗതം പൂര്‍ണമായി നിരോധിച്ചു.
മഹാരാഷ്ട്രയിലെ പൂനെ പിംപ്രി ചിഞ്ച്വാഡില്‍ കനത്ത മഴയെത്തുടര്‍ന്ന് കൂറ്റന്‍ മാലിന്യക്കൂമ്പാരം ഇടിഞ്ഞുവീണാണ് മൂന്നുനില കെട്ടിടം തകര്‍ന്നത്. സ്വകാര്യ കമ്പനിയുടെ ഭരണനിര്‍വഹണ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിനു മുകളിലേക്കാണു മാലിന്യമല പതിച്ചത്. കെട്ടിടത്തിലുണ്ടായിരുന്ന പതിനഞ്ചോളം ജീവനക്കാര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണു വിവരം. നാലുപേരെ നിലവില്‍ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍.ഡി.ആര്.എഫിനൊപ്പം സൈന്യവും രംഗത്തുണ്ട്.
മഹാരാഷ്ട്രയില്‍ ഈമാസം ഒന്നുമുതല്‍ കനത്ത മഴ പെയ്യുകയാണ്. പല്‍ഘര്‍ ജില്ലയില്‍ മാത്രം ഇതുവരെ 10 പേര് മരണപ്പെട്ടു. ജല്‍ഗാവ് ജില്ലയില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളംനിറഞ്ഞ ക്വാറിയില്‍ വീണ് കൗമാരപ്രായക്കാരായ മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു. മേഘവിസ്ഫോടനത്തെത്തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ കുളൂവിലുണ്ടായ കുത്തിയൊഴുക്കില്‍ പാലങ്ങളും കലുങ്കുകളും ഒലിച്ചുപോയി. ഇവിടെ ജീവഹാനിയൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ജൂലൈ ആദ്യവാരം ശക്തമായ മഴയാണു രാജ്യത്ത് ലഭിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം മഴയുടെ കുറവ് 12 ശതമാനമായി താഴ്ന്നതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 'എല്‍നിനോ' പ്രതിഭാസമുള്ള വര്‍ഷങ്ങളിലെല്ലാം മഴ കുറയണമെന്നില്ലെന്ന് ഇതുസംബന്ധിച്ച ഉന്നതതല യോഗം വിലയിരുത്തി.




