
ലഖ്നൗ: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ 'കാണിക്കക്കൊള്ള' കേസില്‍ അവിനാശ് ശുക്ലയെ മുഖ്യപ്രതിയാക്കി പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. കാണിക്ക എണ്ണുന്നതിനിടെ 40 ദിവസംകൊണ്ട് ഏകദേശം 70 തവണ ഇയാള്‍ പണാപഹരണം നടന്നെന്നും കണ്ടെത്തിയിട്ടുണ്ട്.
മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) ഇടക്കാല കണ്ടെത്തലുകള്‍ ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് യോഗം ചര്‍ച്ച ചെയ്തു. പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ച്, ശുക്ലയെ ചുറ്റിപ്പറ്റിയാണ് അന്വേഷസംഘം നീങ്ങിയത്. ഇത് മറ്റ് അഞ്ച് പ്രതികളിലേക്ക് എത്തിച്ചു.
ഇക്കഴിഞ്ഞ 23ന് യു.പി അഡീഷണല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം) സഞ്ജയ് പ്രസാദിന് സമര്‍പ്പിച്ച ഒമ്പത് പേജുള്ള റിപ്പോര്‍ട്ടില്‍, അന്വേഷണത്തിന്റെ കേന്ദ്രബിന്ദുവെന്നാണ് മുപ്പതുകാരനായ ശുക്ലയെ വിശേഷിപ്പിച്ചിരിക്കുന്നതെന്ന് ചില വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എണ്ണലിനിടെ ശുക്ല നോട്ടുകെട്ടുകളടക്കം പലതവണ നീക്കുന്നതിന്റെയും പിന്നീട് ഒളിപ്പിക്കുന്നതിന്റെയും സി.സി.ടിവി ക്യാമറ ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങളാണ് പണത്തിന്റെ നീക്കവും മറ്റ് പങ്കാളികളെയും കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്.
സിസി ടിവി ക്യാമറ ദൃശ്യങ്ങള്‍, റിക്കവറി രേഖകള്‍, ബാങ്ക് അക്കൗണ്ട് വിശകലനം, സാക്ഷി മൊഴികള്‍ എന്നിവയിലൂടെ ശുക്ലയ്ക്കെതിരായ തെളിവുകള്‍ സ്ഥിരീകരിക്കപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭാവനപണം മറച്ചുവയ്ക്കുന്നതിലും നീക്കുന്നതിലും അനുകല്പ് മിശ്ര, ലവ്കുഷ് മിശ്ര, കരുണേഷ് പാണ്ഡെ എന്നിവര്‍ ശുക്ലയെ സഹായിച്ചു. നോട്ടെണ്ണല്‍ മുറിക്കുള്ളില്‍ മനീഷ് കുമാര്‍ യാദവ് ശുക്ലയ്ക്കു കൈയാളായെന്നും ദൃശ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണം സിസി ടിവി ദൃശ്യങ്ങള്‍ക്കപ്പുറത്തേക്ക് നീണ്ടു. അയോധ്യ പോലീസ് നടത്തിയ തെരച്ചിലുകളില്‍ ശുക്ലയുടെ കൈവശം 20.39 ലക്ഷം പണവും 1,121 യുഎസ് ഡോളറും സ്വര്‍ണം, വെള്ളി ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഒരു എസ്.യു.വിയും കണ്ടെടുത്തു. വരുമാനത്തിന് ആനുപാതികമല്ലാത്ത നിക്ഷേപങ്ങളും ബാങ്ക് ഇടപാടുകളും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.
ശുക്ലയുടെ വസതിയില്‍ നടത്തിയ പരിശോധനയില്‍ രാമരാജ്യ കോശ് എന്ന് എഴുതിയ സംഭാവനപ്പെട്ടിയും പോലീസ് കണ്ടെടുത്തിരുന്നു. അതില്‍ ക്യു.ആര് കോഡ് ഉണ്ടായിരുന്നു. പ്രതാപ്ഗഡ് ജില്ലയിലെ ശുക്ലയുടെ വീട്ടിലും പോലീസ് പരിശോധന നടത്തി.
അതേസമയം, അവിനാശ് ശുക്ല ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്നു പ്രത്യേക അന്വേഷണസംഘം നേരത്തേ കണ്ടെത്തിയിരുന്നു. കുംഭമേളക്ക് പിന്നാലെ സുഹൃത്തുക്കള്‍ക്കായി ലക്ഷങ്ങളാണ് ഇയാള്‍ ചെലവിട്ടത്. കാമുകിക്ക് ഐഫോണ്‍ വാങ്ങി നല്കി. സഹോദരന്റെ വിവാഹത്തിന് 10 ലക്ഷം രൂപ ചെലഴിച്ചെന്നും എസ്.ഐടി കണ്ടെത്തി.
അതിനിടെ, കാണിക്കപ്പണം മോഷണം പോയ പശ്ചാത്തലത്തില്‍ രാമക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇനി മുതല്‍ മേശപ്പുറത്തും കസേരയിലിരുന്നും നോട്ട് എണ്ണാന്‍ പാടില്ല. തറയില്‍ മെത്തയും പ്ലൈവുഡും വിരിച്ചാണ് ഇനി പണം എണ്ണുക.
പണം എണ്ണുന്ന സമയത്ത് ജീവനക്കാര്‍ പരസ്പരം സംസാരിക്കാന്‍ പാടില്ല. ഇടയ്ക്കിടെ ശൗചാലയത്തില്‍ പോകുന്ന ജീവനക്കാരെ പ്രത്യേകമായി നിരീക്ഷിക്കും. കാന്റീനില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ അനുവദിക്കില്ല. പണം എണ്ണുന്ന മുറി മുഴുവനായും സിസി ടിവി ക്യാമറകളുടെ കര്‍ശന നിരീക്ഷണത്തിലായിരിക്കും.




