മൂവാറ്റുപുഴ: ചൊവ്വ രാത്രിയില്‍ വീശിയടിച്ച കനത്ത കാറ്റില്‍ മൂവാറ്റുപുഴ നഗരത്തിലും സമീപ പ്രദേശങ്ങളിലും വ്യാപക നാശനഷ്‌ടം. ശക്‌തമായ കാറ്റിനെ തുടര്‍ന്ന് നിരവധി സ്‌ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി വീഴുകയും കെ.എസ്.ഇ.ബി. ലൈനുകള്‍ക്കും കേബിള്‍ ടി.വി. നെറ്റ്‌വര്‍ക്കുകള്‍ക്കും വലിയ രീതിയില്‍ കേടുപാട് ുസംഭവിക്കുകയും ചെയ്‌തു. നിരവധി പ്രദേശങ്ങളില്‍ മണിക്കൂറുകളോളമാണ് വൈദ്യുതി ബന്ധം പൂര്‍ണമായി തടസപ്പെട്ടത്. മൂവാറ്റുപുഴ നഗരത്തിലെ ജനത റോഡില്‍ വലിയ മരം റോഡിലേക്ക് വീണതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിരുന്നു. അപകടവിവരമറിഞ്ഞ് രാത്രിയില്‍ തന്നെ സ്‌ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സംഘം മരം മുറിച്ചു മാറ്റി റോഡ് ഗതാഗത യോഗ്യമാക്കി. നഗരത്തിന് പുറമെ സമീപത്തെ വിവിധ പഞ്ചായത്തുകളിലും കനത്ത നാശനഷ്‌ടമാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ഗ്രാമീണ മേഖലകളില്‍ വ്യാപകമായ രീതിയില്‍ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. പല സ്‌ഥലങ്ങളിലും തകരാറിലായ വൈദ്യുതി ബന്ധം പുന:സ്‌ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
കനത്ത കാറ്റാണ് വീശിയതെങ്കിലും ആളപായമോ ആര്‍ക്കെങ്കിലും പരിക്കുകളോ എവിടെയും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.



