കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ പ്രധാന കവലകളിലൊന്നായ കാവുങ്ങല്‍പറമ്പ് ജംങ്‌ഷനില്‍ ചെറിയൊരു മഴ പെയ്‌താല്‍പ്പോലും രൂപപ്പെടുന്ന വെള്ളക്കെട്ട് മൂല ജനങ്ങള്‍ പൊറുതിമുട്ടുന്നു.
ഓവുചാലുകളുടെ അഭാവമാണ് കവലയില്‍ വെള്ളം കെട്ടിക്കിടക്കാന്‍ കാരണം. റോഡില്‍ വലിയ തോതില്‍ വെള്ളം ഉയരുന്നതോടെ കാല്‍നടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും വിദ്യാര്‍ഥികളും കടുത്ത ദുരിതമാണ് നേരിടുന്നത്.
ഇതുവഴി ചീറിപ്പാഞ്ഞുപോകുന്ന വലിയ വാഹനങ്ങള്‍ റോഡിലെ അഴുക്കുനിറഞ്ഞ ചളിവെള്ളം യാത്രക്കാരുടെ ശരീരത്തേക്ക് തെറിപ്പിക്കുന്നത് ഇവിടെ പതിവുകാഴ്‌ചയായി മാറിയിരിക്കുകയാണ്. വെള്ളക്കെട്ട് മൂലം റോഡരികിലെ വ്യാപാര സ്‌ഥാപനങ്ങളിലേക്ക് ചളിവെള്ളം തെറിച്ചുകയറുന്നതിനാല്‍ വ്യാപാരികളും കടുത്ത പ്രതിസന്ധിയിലാണ്. റോഡിന്റെ ഇരുവശങ്ങളിലും അടിയന്തരമായി കാനകള്‍ നിര്‍മ്മിച്ച് വെള്ളക്കെട്ട് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ അധികൃതര്‍ തയാറാകണമെന്ന് നാട്ടുകാരും വ്യാപാരികളും ഒരുപോലെ ആവശ്യപ്പെടുന്നത്.



