അങ്കമാലി: നെഞ്ചിന്‍കൂടിനകത്ത് പിന്‍ഭാഗത്തായി നട്ടെല്ലിനോട് ചേര്‍ന്ന് കിടക്കുന്ന ഗുരുതരമായ മുഴ റോബോട്ടിക് ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌ത് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്‌പിറ്റല്‍. 37 കാരിയായ ലേഡി ഡോക്‌ടറുടെ നെഞ്ചിലെ മുഴയാണ് അത്യാധുനിക റോബോട്ടിക് തൊറാസിക് സര്‍ജറിയിലൂടെ പൂര്‍ണ്ണമായും പുറത്തെടുത്തത്. ഇത്തരം സാഹചര്യങ്ങളില്‍ നെഞ്ചിന്‍കൂട് തുറന്നുള്ള ശസ്‌ത്രക്രിയയാണ് ചെയ്‌തുവരുന്നത്. ഇതിനായി പിന്‍ഭാഗത്ത് 12 മുതല്‍ 15 സെന്റിമീറ്റര്‍ വരെ നീളത്തില്‍ വലിയ മുറിവുണ്ടാക്കേണ്ടി വരാറുണ്ട്. എന്നാല്‍ അപ്പോളോ അഡ്‌ലക്‌സ് ഹോസ്‌പിറ്റല്‍ കാര്‍ഡിയോതൊറാസിക് ആന്‍ഡ് വാസ്‌കുലര്‍ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. റിനെറ്റ് സെബാസ്‌റ്റ്യന്റെ നേതൃത്വത്തിലുള്ള വിദഗ്‌ധ സംഘം അത്യാധുനിക റോബോട്ടിക് ശസ്‌ത്രക്രിയയുടെ സഹായത്തോടെ ചെറിയ താക്കോല്‍ദ്വാര മുറിവുകളിലൂടെ മുഴ വിജയകരമായി പുറത്തെടുക്കുകയായിരുന്നു. ഇത്തരം ശസ്‌ത്രക്രിയകള്‍ക്ക് ശേഷം ഐ.സി.യു വാസം അധികം ആവശ്യമില്ലെന്നതും, രോഗികള്‍ക്ക് വളരെ പെട്ടെന്ന് തന്നെ തങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സാധിക്കുമെന്നതാണ് റോബോട്ടിക് ശസ്‌ത്രക്രിയയുടെ പ്രത്യേകതയെന്നും ഡോ. റിനെറ്റ് സെബാസ്‌റ്റ്യന്‍ പറഞ്ഞു. ഡോ. റിനെറ്റ് സെബാസ്‌റ്റ്യന്‍, ഡോ. ഷാജി കെ ആയില്ലത്ത്, ഡോ. സുജിത് ചെറുവള്ളി, ഡോ. ഡോണ്‍ ജോസ് എന്നിവരടങ്ങിയ മെഡിക്കല്‍ സംഘം ചികിത്സയുടെ ഭാഗമായി.



