
കൊച്ചി: ജാക്കി ഉപയോഗിച്ച് ഉയര്‍ത്തിയ കെട്ടിടം പൊളിച്ചുമാറ്റാന്‍ കോര്‍പ്പറേഷന്റെ നിര്‍ദേശം. എറണാകുളം എംജി റോഡില്‍ ഉയര്‍ത്തിയ കെട്ടിടം കേടുപാട് പറ്റിയതിനെ തുടര്‍ന്നാണ് പൊളിച്ചുമാറ്റാന്‍ നഗരസഭ നോട്ടീസ് നല്‍കിയത്. ഉടമ പുറത്തായതിനാല്‍ കെട്ടിടത്തില്‍ നോട്ടീസ് പതിച്ചിരിക്കുകയാണ്.
കെട്ടിടത്തിന്റെ ഉടമപ്രവാസിയാണ്. കെട്ടിടം ഉയര്‍ത്താന്‍ കരാര്‍ എടുത്തത് ചെന്നൈയിലെ ഒരു കമ്പനിയായിരുന്നു. പൊക്കി ഉയര്‍ത്തിയതോടെ വീടിന് വിള്ളലും ദുര്‍ബ്ബലാവസ്ഥയും സംഭവിച്ച് ചെരിഞ്ഞ് സമീപത്തെ കെട്ടിടത്തില്‍ തട്ടിനില്‍ക്കുന്ന അവസ്ഥയിലാണ്. ചുറ്റും മറ്റു കെട്ടിടങ്ങളും വ്യാപാരസ്ഥാപനങ്ങളും ഉള്ളതിനാല്‍ കെട്ടിടം തകര്‍ന്നുവീണാല്‍ വലിയ അപകടം ഉണ്ടാകുമെന്നാണ് ഭയക്കുന്നത്.
കെട്ടിടം 24 മണിക്കൂറിനുള്ളില്‍ പൊളിച്ചു നീക്കണമെന്നും അല്ലാത്തപക്ഷം കോര്‍പ്പറേഷന്‍ സ്വന്തം നിലയില്‍ അത് ചെയ്ത ശേഷം ചെലവ് ഉടമയില്‍ നിന്നും ഈടാക്കുമെന്നുമാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. ഏറ്റവും തിരക്കേറിയ എം.ജി. റോഡിന് സമീപമായിട്ടാണ് കെട്ടിടം നില്‍ക്കുന്നത്. കനത്തമഴയില്‍ വെള്ളക്കെട്ട് ഉണ്ടാകുന്ന പ്രദേശമായതിനാല്‍ ഉയര്‍ത്താനുള്ള ശ്രമം അടിത്തറ തകരാനും ഭിത്തികള്‍ വിണ്ടുകീറാനും കാരണമായി. പൊതുജനങ്ങള്‍ക്കും അമന്താവാസികള്‍ക്കും ബുദ്ധിമുട്ടില്ലാത്ത നിലയില്‍ പൊളിക്കാനാണ് ഉദ്ദേശം.






