
വയനാട് കളളാടിയിലുണ്ടായ മണ്ണിടിച്ചിലിന് പിന്നാലെ തുരങ്കപാത പദ്ധതി ഉപേക്ഷിക്കരുതെന്ന ആവശ്യവുമായി സന്തോഷ് പണ്ഡിറ്റ് രംഗത്ത്. പദ്ധതി പൂര്‍ത്തിയായാല്‍ കോഴിക്കോട് വയനാട് യാത്രാസമയം ഒരു മണിക്കൂര്‍ കുറയും. താമരശ്ശേരി ചുരം റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരം ആണ്. സന്തോഷ് പണ്ഡിറ്റ് പറയുന്നു. വലിയ വികസനം സ്വപ്‌നം കാണുമ്പോള്‍ ഒന്നുകൂടി ശ്രദ്ധിച്ചു, കൂടുതല്‍ മുന്‍കരുതല്‍ എടുത്തു മഴയ്ക്ക് ശേഷം വീണ്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങണമെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു.
സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്:
വയനാട് കള്ളാടി മണ്ണിടിച്ചിൽ ഉണ്ടായതിനാൽ തുരങ്കപാത നിർമ്മാണം താത്കാലികമായി നിർത്തി വെക്കുവാനും, തുടർ നിർമാണം പഠനങ്ങൾക്ക് ശേഷമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ജി അറിയിച്ചത് ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വാഭാവികം ആണെങ്കിലും ആ തുരങ്ക പാത സ്വപ്നം കണ്ട ലക്ഷ കണക്കിന് ആളുകൾക്ക് ആശങ്കക്ക് കാരണമാകും. ഈ മണ്ണിടിച്ചിൽ കാരണം ഈ നല്ലൊരു പദ്ധതി ഉപേക്ഷിക്കരുത് എന്ന് സർക്കാരിനോട് അപേക്ഷിക്കുന്നു.
താമരശ്ശേരി ചുരത്തിലെ ഗതാഗതപ്രശ്നത്തിന് പരിഹാരമായാണ് 2,135 കോടി രൂപാ ചിലവിൽ തുരങ്കപാത തുടങ്ങുവാൻ കഴിഞ്ഞ സര്ക്കാര് ശ്രമിച്ചത്. അത് തീർത്തും പ്രായോഗിക നിർദ്ദേശം ആയിരുന്നു. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ മുതൽ വയനാട്ടിലെ മേപ്പാടി വരെ ബന്ധിപ്പിക്കുന്ന തുരങ്കപാതയാണ്. അതായത് കോഴിക്കോട് മറിപ്പുഴ മുതൽ വയനാട്ടിലെ മീനാക്ഷിപ്പാലം വരെ 8.73 കിലോമീറ്ററാണ് ഈ തുരങ്കത്തിൻ്റെ നീളം . ജോലികൾ നടന്നു വരികയായിരുന്നു, നല്ലൊരു ശതമാനം ജോലിയും പൂർത്തിയായി. അപ്പോഴാണ് ഈ ദുരന്തം ഉണ്ടായത്7.
പദ്ധതി പൂർത്തിയായാൽ കോഴിക്കോട് വയനാട് യാത്രാസമയം ഒരു മണിക്കൂർ കുറയും. താമരശ്ശേരി ചുരം റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരം ആണ്. കാലാവസ്ഥ വെല്ലുവിളികളെയും അതിജീവിക്കാം. പലപ്പോഴും രോഗികളെയും കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാവശ്യ ചികിത്സക്ക് പോകുമ്പോഴും, ഉരുൾ പൊട്ടൽ, മണ്ണിടിച്ചൽ, പ്രളയം etc ദുരന്തങ്ങൾ വരുമ്പോഴും വയനാടിന് ആശ്രയം കോഴിക്കോട് ആണ്. അപ്പോൾ താമരശ്ശേരി ചുരത്തിലൂടെ മാത്രമുള്ള യാത്ര വലിയ risk ആണ്. അതിനെല്ലാം ഒരു പരിഹാരം ആയിരുന്നു ഈ തുരങ്ക പാത.
എന്തിന് ടൂറിസം, ചരക്കുഗതാഗതം എന്നിവയ്ക്കും ഈ പദ്ധതി ഗുണം ചെയ്തേനെ..പശ്ചിമഘട്ടത്തിൻ്റെ പരിസ്ഥിതി സംരക്ഷിക്കാൻ കർശന നിബന്ധനകളോടെയാണ് പദ്ധതി നടപ്പിൽ ആക്കിയത് എന്നാണ് അറിയുന്നത്.
ചൂരൽമല, പുത്തുമല , കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തം തുരങ്കം വരുന്ന മേഖലയിലാണ് എന്നത് സത്യമാണ്. പക്ഷേ വലിയ വികസനം സ്വപ്നം കാണുമ്പോൾ ഒന്നു കൂടി ശ്രദ്ധിച്ചു, കൂടുതൽ മുൻകരുതൽ എടുത്തു വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾ മഴക്ക് ശേഷം തുടങ്ങുക. ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത യാഥാർത്ഥ്യമാകുന്നതിലൂടെ താമരശ്ശേരി ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം ലഭിക്കും. ആനക്കാംപൊയിലിനും മേപ്പാടിക്കുമിടയിലുള്ള ദൂരം 42 കിലോമീറ്ററിൽ നിന്നും 20 കിലോമീറ്ററിൽ താഴെയായി കുറയുകയും ചെയ്യും..അത് മറക്കരുത്. ഈ തുരങ്ക പാത വന്നാലും ഇല്ലെങ്കിലും വയനാടിലെ മണ്ണിൻ്റെ അവസ്ഥ, പ്രകൃതി, മലകൾ എന്നിവ വെച്ച് നോക്കുമ്പോൾ മുൻ കാലങ്ങളിലും നിരവധി ദുരന്തങ്ങൾ അവിടെ മഴ കാലത്ത് ഉണ്ടായിട്ടുണ്ട്. അത് മറക്കരുത്.
(വാൽ കഷ്ണം...തുരങ്ക മുഖത്തോടും അനുബന്ധ റോഡുകളോടും ചേർന്ന് നിൽക്കുന്ന മലഞ്ചെരിവുകൾ 'സോയിലിങ് നെയ്‌ലിങ്' (Soil Nailing) പോലുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ബലപ്പെടുത്തുക. കനത്ത മഴയിൽ മണ്ണ് ഒലിച്ചുപോകാതിരിക്കാൻ ശക്തമായ കോൺക്രീറ്റ് തടയണകൾ (Retaining walls) നിർമ്മിക്കു ക. മഴക്കാലത്ത്, പ്രത്യേകിച്ച് അതിതീവ്ര മഴയുള്ള സമയങ്ങളിൽ തുരങ്ക നിർമ്മാണ പ്രവർത്തനങ്ങളും കുന്നുകൾ ഇടിക്കുന്ന ജോലികളും പൂർണ്ണമായും നിർത്തിവെക്കുക.
തുരങ്കപാത നിർമ്മാണത്തിനായി മാറ്റിയിടുന്ന മണ്ണ് മലഞ്ചെരിവുകളിൽ തന്നെ അശാസ്ത്രീയമായി കൂട്ടിയിടുന്നത് ഒഴിവാക്കുക. ഇത് കനത്ത മഴയിൽ വലിയ രീതിയിലുള്ള മണ്ണിടിച്ചിലിനും (Debris flow) ദുരന്തങ്ങൾക്കും കാരണമാകുന്നു..ഇത്രയും ചെയ്ത് തുരങ്ക പാത നിർമാണം തുടരുക. എല്ലാം തികഞ്ഞ് പെർഫെക്റ്റ് ആയി ലോകത്ത് ഒരു വികസനവും നടക്കില്ല. വീഴുക എന്നത് തെറ്റല്ല, വീണിട്ട് എഴുന്നേൽക്കാതെ ഇരിക്കുക എന്നതാണ് തെറ്റ്.. എന്ത് വില കൊടുത്തും സർക്കാർ തുരങ്ക പാത പൂർത്തിയാക്കുക)






