
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളും പേമാരി കനക്കുകയാണ്. കേരളത്തിലെ പല ജില്ലകളിലും വടക്കന്‍ സംസ്ഥാനങ്ങളിലുമെല്ലാം മഴവെള്ളക്കെടുതിയില്‍ ജനങ്ങള്‍ പ്രയാസം അനുഭവിക്കുകയാണ്. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും മാത്രമല്ല വീടിനുള്ളിലും മറ്റും വെള്ളം കയറിയും പലരും ബുദ്ധിമുട്ടുന്നുണ്ട്.
വടക്കൻ കേരളം മുതല്‍ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് ശക്തമായ മണ്‍സൂണ്‍ മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തിറങ്ങിയത്. ശക്തമായ മഴവെള്ളപാച്ചലിലും പ്രളയത്തിലും നിരവധി വന്യജീവികളും നഗരങ്ങളിലേക്ക് ഒലിച്ചെത്തുന്ന വീഡിയോകളും അതിതീവ്ര മഴയില്‍ മുങ്ങിനില്ക്കുന്ന നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.
ഇപ്പോഴിതാ അതിനിടെ കുളിര്‍മഴ പോലെ പെയ്തിറങ്ങിയ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കുന്നത്. പേമാരിയില്‍ വിവാഹ വേദി മുങ്ങിയപ്പോള്‍, വധുവിനെ തന്റെ കൈകളിലെടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് ചുമന്ന് കൊണ്ടുപോകുന്ന വരനെയാണ് വീഡിയോയില്‍ കാണുന്നത്. മധ്യപ്രദേശിലെ ഇൻഡോറിൽ ഒരു വിവാഹ വേദി കനത്ത മഴ പെയ്തതിനാൽ വെള്ളക്കെട്ടായി മാറി. പിന്നാലെ വരൻ വധുവിനെ കൈകളില്‍ ചുമന്ന് വിവാഹ ചടങ്ങുകള്‍ പൂർത്തിയാക്കേണ്ടതായി വന്നു.
ദില്ലിയില്‍ നിന്നും വിവാഹത്തിനായിയെത്തിയ ദമ്പതികള്‍ സിഎടി റോഡിലെ ഒരു പൂന്തോട്ടത്തിലായിരുന്നു വിവാഹ ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ചടങ്ങുകള്‍ തുടങ്ങും മുമ്പ് തന്നെ ശക്തമായ മഴ പെയ്തു. അതോടെ വേദിയടക്കം വെള്ളത്തിലായി. ഇതൊക്കെയാണെങ്കിലും, വധുവും വരനും വിവാഹ ചടങ്ങുകളെല്ലാം വളരെ ആവേശത്തോടെയാണ് നടത്തിയത്. വിവാഹ വസ്ത്രങ്ങള്‍ ധരിച്ച വധുവിനെ ഇരുകൈകളിലും ചുമന്ന് വെള്ളക്കെട്ടിലൂടെ നടന്ന് മണ്ഡപത്തിലേക്ക് എത്തി, അവിടെയവര്‍ പവിത്രമായ അഗ്നിയുടെ ഏഴ് പ്രദക്ഷിണം പൂർത്തിയാക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വളരെ പെട്ടെന്ന് വൈറലായി. ഏറ്റവും ഹൃദയസ്പർശിയായ നിമിഷങ്ങളിലൊന്ന് എന്നായിരുന്നു ചിലര്‍ കമന്റുകള്‍ കുറിച്ചത്.
'बारिश के बीच देखिए ये अनोखी शादी'
मध्य प्रदेश के इंदौर में तेज बारिश के कारण एक मैरिज गार्डन में जलभराव हो गया. इसके बावजूद दूल्हा-दुल्हन ने पूरे उत्साह के साथ शादी की सभी रस्में निभाईं. दूल्हे ने दुल्हन को गोद में उठाकर पानी से भरे रास्ते को पार कर मंडप तक पहुंचाया, जहां दोनों… pic.twitter.com/0DgrUbfQc2— zingabad (@zingabad) July 7, 2026
വെള്ളം കയറിയ വിവാഹ വേദിയില്‍ ചെരുപ്പുകള്‍ ഒഴുകി നടക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇൻഡോറില്‍ തുടർച്ചയായി മഴ പെയ്യുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. നഗരത്തിലുടനീളം ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടു, വിവാഹ വേദി ഉള്‍പ്പെടെ, മണ്ഡപത്തിന് ചുറ്റും ഏകദേശം 1.5 മുതല്‍ 2 അടി വരെ വെള്ളം ഉയർന്നെന്നും റിപ്പോർട്ടിലുണ്ട്. മോശം കാലാവസ്ഥയിലും അവരുടെ ജീവിതമവര്‍ മുക്കിക്കളഞ്ഞില്ലെന്നാണ് പലരും പ്രശംസിച്ച് കുറിക്കുന്നുണ്ട്.






