
നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയിയെ സന്ദർശിച്ച് നടൻ കവിൻ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച വാക്കുകള്‍ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ജീവിതകാലം മുഴുവൻ നെഞ്ചിലേറ്റുന്ന നിമിഷം എന്നാണ് കവിൻ ഇതിനെ വിശേഷിപ്പിച്ചത്.
"ചില മനുഷ്യർ അവരുടെ സാന്നിധ്യം കൊണ്ട് തന്നെ മറ്റുള്ളവർക്ക് പ്രചോദനമാകാറുണ്ട്. കാലം അദ്ദേഹത്തിന്റെ യാത്രയെ മാറ്റിമറിച്ചിട്ടുണ്ടാകാം. പക്ഷേ അദ്ദേഹത്തിന്റെ വിനയത്തെയോ ലാളിത്യത്തെയോ ദയയെയോ അത് ബാധിച്ചിട്ടില്ല. ദശലക്ഷക്കണക്കിന് ആളുകളെപ്പോലെ വലിയ സ്‌ക്രീനിൽ അദ്ദേഹത്തെ കണ്ടു വളർന്ന എനിക്ക്, ഇപ്പോൾ അദ്ദേഹം തമിഴ്‌നാട് മുഖ്യമന്ത്രിയായി ജനങ്ങളെ സേവിക്കുന്നത് കാണുന്നത് എന്നും പ്രചോദനം നൽകുന്ന ഒന്നാണ്. ജീവിതകാലം മുഴുവൻ ഞാൻ നെഞ്ചിലേറ്റുന്ന നിമിഷമാണിത്. വർഷങ്ങളായുള്ള എന്റെയൊരു ആഗ്രഹം സാധിപ്പിച്ചു തന്നതിന് നന്ദി, ജഗദീഷ് പളനിസാമി അണ്ണാ" - കവിന്‍ കുറിച്ചു.
അതേസമയം, വിഷ്ണു എടവൻ സംവിധാനം ചെയ്യുന്ന 'ഹായ്' എന്ന ചിത്രമാണ് കവിന്റേതായി പുറത്തിറങ്ങാനുള്ള സിനിമകളിലൊന്ന്. ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ് ഈ ചിത്രത്തിൽ കവിന്റെ നായികയായെത്തുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.






