
നടന്‍, അഭിനേതാവ്,നിര്‍മ്മാതാവ്, സംവിധായകന്‍ എന്നീ നിലകളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലടക്കം തിളങ്ങി നില്‍ക്കുന്ന താരം പാന്‍ ഇന്ത്യന്‍ തലത്തില്‍ വരെ ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. താരത്തിന്റെ ഭാര്യ സുപ്രിയ മേനോനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന സിനിമാ നിര്‍മ്മാണക്കമ്പനിയുടെ മേല്‍നോട്ടവുമൊക്കെയായി സിനിമയുടെ അണിയറയിലുണ്ട്. മകള്‍ അലംകൃത മേനോൻ പൃഥ്വിരാജും ‘എമ്പുരാന്‍’ എന്ന സിനിമയിലൂടെ പിന്നണി ഗാനരംഗത്തും തുടക്കം കുറിച്ചിരുന്നു.
ഇപ്പോഴിതാ വീണ്ടും ഗായികയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ് അലംകൃത മേനോന്‍. പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ‘ഐ നോബഡി’ എന്ന ചിത്രത്തിലെ ‘സർക്കസ്’ എന്ന ഗാനമാണ് അലംകൃത പൃഥ്വിരാജ് ആലപിച്ചിരിക്കുന്നത്. പുറത്തുവിട്ട ലിറിക്കൽ വിഡിയോയിൽ അലംകൃതയുടെ റെക്കോര്‍ഡിങ്ങിന്റെ ബിടിഎസ് ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ലിറിക്കൽ വിഡിയോയിൽ സ്റ്റുഡിയോയിലെത്തിയ അലംകൃത തന്റെ മാതാപിതാക്കളായ പൃഥ്വിരാജിനെയും സുപ്രിയയെയും സ്നേഹത്തോടെ ആലിംഗനം ചെയ്തശേഷമാണ് റെക്കോർഡിങ്ങിനായി മൈക്കിനു മുന്നിലേക്ക് നടന്നു നീങ്ങുന്നത്. അച്ഛനും അമ്മയും നിറഞ്ഞ മനസ്സോടെ നൽകിയ ആശംസകളും പ്രോത്സാഹനവും ഏറ്റുവാങ്ങിയ ശേഷമാണ് അലംകൃത പാടിത്തുടങ്ങിയത്. മകൾ സ്റ്റുഡിയോയിൽ ഗൗരവത്തോടെയും അതേസമയം ആസ്വദിച്ചും പാടുന്നത് കണ്ട്, അതിന്റെ വിഡിയോയും ഫോട്ടോകളും മൊബൈൽ ക്യാമറയിൽ പകർത്തുന്ന സുപ്രിയയേയും വീഡിയോയിൽ കാണാം. മകളുടെ പ്രകടനം കൺകുളിർക്കെ കാണുന്ന മാതാപിതാക്കളുടെ സന്തോഷം വീഡിയോയിൽ വ്യക്തമാണ്. ‘‘പ്രിയപ്പെട്ട അല്ലി, മമ്മയും ഡാഡയും നിന്റെ ആഗ്രഹങ്ങളെയും താല്പര്യങ്ങളെയും ഓർത്ത് ഒരുപാട് അഭിമാനിക്കുന്നു...’’ എന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചുകൊണ്ടാണ് പൃഥ്വിരാജ് ഗാനം പുറത്തുവിട്ടത്.
നിരൂപക - പ്രേക്ഷക പ്രശംസ നേടിയ സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രം റോഷാക്കിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഐ നോബഡി’. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ 4 എക്സ്പെരിമെന്റസിന്റെ ബാനറിൽ സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ട്രെൻഡ് സെറ്റർ സംഗീത സംവിധായകൻ ജേക്‌സ് ബിജോയ് ഒരുക്കിയ ഗാനം രചിച്ചത് സെബാ ടോമിയാണ്. ഇതിന് മുൻപ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ എത്തിയ മോഹൻലാൽ ചിത്രം എമ്പുരാനിലും അലംകൃത പാടിയിരുന്നു.
എന്ന് നിന്റെ മൊയ്തീൻ, കൂടെ തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ഇതുവരെ മലയാളം സിനിമയിൽ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ മേക്കിങ് ആണ് ഈ സിനിമയ്ക്കെന്നാണ് പ്രേക്ഷകപ്രതികരണം. രാജീവൻ എന്ന സർക്കാർ ഉദ്യോഗസ്ഥനായിട്ടാണ് പൃഥ്വിരാജ് സിനിമയിലെത്തുന്നത്. പാർവതി അവതരിപ്പിക്കുന്ന മീരയും രണ്ട് പെണ്മക്കളും അടങ്ങുന്നതാണ് കുടുംബം. ഒരു ബാങ്ക് കവർച്ചയിൽ രാജീവൻ അബദ്ധത്തിൽ സാക്ഷിയാകുന്നതും തുടർന്ന് അയാളുടെ വ്യക്തിജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽതാഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെ യൂ, ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആൽബിൻ അലക്സ്, ജിതിൻ മദനൻ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.






