
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ, നിയമന ക്രമക്കേട് പരാതികളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം മുന്നോട്ട്. ആസൂത്രണ ബോര്‍ഡ് പരീക്ഷയിലെ പരാതികളുടെ അടിസ്ഥാനത്തില്‍ ആരംഭിക്കുന്ന അന്വേഷണം, കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) പരീക്ഷയുള്‍പ്പെടെ വിവിധ പരീക്ഷകള്‍, ചോദ്യപേപ്പര്‍ തയാറാക്കല്‍, ഉത്തരക്കടലാസ് മൂല്യനിര്‍ണയം, അഭിമുഖ നടപടികള്‍, റാങ്ക് പട്ടിക, നിയമന നടപടികള്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍, താല്‍ക്കാലിക നിയമനങ്ങള്‍ എന്നിവയിലേക്കും വ്യാപിപ്പിക്കുമെന്ന് സൂചന.
ഐ.ജി: എസ്. അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷണം നടത്തുന്നത്. പരാതിക്കാരുടെ മൊഴിയെടുക്കല്‍, പരീക്ഷാ രേഖകളുടെ പരിശോധന, ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്നു വിശദീകരണം തേടല്‍ എന്നിവയാണ് ആദ്യഘട്ട നടപടികള്‍. ആവശ്യമെങ്കില്‍ പി.എസ്.സി ആസ്ഥാനത്തും അനുബന്ധ ഓഫീസുകളിലും പരിശോധന നടത്തി രേഖകളും ഡിജിറ്റല്‍ വിവരങ്ങളും ശേഖരിക്കും.
ആസൂത്രണ ബോര്‍ഡ് പരീക്ഷയുമായി ബന്ധപ്പെട്ട ഉത്തരക്കടലാസ്, മാര്‍ക്ക് വിവരങ്ങള്‍, അഭിമുഖ രേഖകള്‍, മറ്റ് പരീക്ഷാ രേഖകള്‍ എന്നിവ അന്വേഷണത്തിന് നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. വിവരാവകാശ കമ്മിഷന്‍ പുറത്തുവിടാന്‍ നിര്‍ദേശിച്ച രേഖകളും അന്വേഷണസംഘം പരിശോധിക്കുമെന്നാണ് സൂചന.
2020ലെ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) പ്രാഥമിക പരീക്ഷയിലെ ഒ.എം.ആര്‍ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട പരാതികള്‍, വിവിധ വകുപ്പുകളിലെ അഭിമുഖ നടപടികള്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍വകലാശാലകളിലെ പി.ആര്‍.ഒ നിയമനവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവയും അന്വേഷണ പരിധിയിലുണ്ട്.പി.എസ്.സി ഓഫീസുകളിലെ താല്‍ക്കാലിക നിയമനങ്ങളുമായി ബന്ധപ്പെട്ട പരാതികളും പ്രത്യേകമായി പരിശോധിക്കും. വിവിധ തസ്തികകളിലേക്കുള്ള നിയമനങ്ങളില്‍ ചട്ടങ്ങള്‍ പാലിച്ചോയെന്നും നടപടിക്രമങ്ങളില്‍ സുതാര്യത ഉറപ്പാക്കിയോയെന്നും അന്വേഷണസംഘം പരിശോധിക്കും. പി.എസ്.സിയില്‍ വിജിലന്‍സ് ശേഖരിച്ച വിവരങ്ങളും രേഖകളും ക്രൈംബ്രാഞ്ചിന് കൈമാറും.
ആസൂത്രണ ബോര്‍ഡ് പരീക്ഷയുമായി ബന്ധപ്പെട്ട പരാതികളില്‍ പി.എസ്.സി ആഭ്യന്തര അന്വേഷണം ആരംഭിച്ചിരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ആദ്യം വിജിലന്‍സ് അന്വേഷണം പരിഗണിച്ചെങ്കിലും നിയമപരമായ കാര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചത്.






