
ജാപ്പനീസ് ബ്രാന്‍ഡ് ആയ യമഹ തങ്ങളുടെ ആദ്യ സ്പോര്‍ട്ടി ഇലക്ട്രിക് സ്‌കൂട്ടറായ എയ്റോക്സ് E' (Yamaha Aerox-E) പുറത്തിറക്കി. പെട്രോള്‍ മോഡലായ എറോക്സ് 155-ന്റെ അതേ ഡിസൈന്‍ ശൈലിയില്‍ വരുന്ന പുത്തന്‍ ഇവിയുടെ പ്രാരംഭ എക്സ്ഷോറൂം വില 2.82 ലക്ഷം രൂപയാണ്. EC-06 എന്ന മോഡലിന് ശേഷം യമഹ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്ന രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടറാണ് എയ്റോക്സ് E. ഗ്ലോസി വൈറ്റ് ഷേഡില്‍ ബ്ലാക്ക് ആക്സന്റുകളും ലൈറ്റ് ബ്ലൂ ഗ്രാഫിക്സുമുള്ള ആകര്‍ഷകമായ ഒറ്റ കളര്‍ ഓപ്ഷനില്‍ മാത്രമാണ് ഈ ഇലക്ട്രിക് ടൂവീലര്‍ ലഭ്യമാകുക. നിലവില്‍ ഈ മോഡല്‍ ഡല്‍ഹി, ബെംഗളൂരു, മുംബൈ, പൂനെ, ചെന്നൈ എന്നീ നഗരങ്ങളില്‍ മാത്രമാണ് ലഭ്യമാകുന്നത്. ഘട്ടം ഘട്ടമായി ഇതിന്റെ ലഭ്യത മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.
ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, കോള്‍, എസ്എംഎസ് അലേര്‍ട്ടുകള്‍ എന്നിവ നല്‍കുന്ന ഫുള്‍-കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോളാണ് ഇതിലുള്ളത്. യമഹ വൈ-കണക്റ്റ് (Y-Connect) ആപ്പ് വഴി റൈഡ് സ്റ്റാറ്റിസ്റ്റിക്സ് ട്രാക്ക് ചെയ്യാം. ഓള്‍-എല്‍ഇഡി ലൈറ്റിംഗ്, കീലെസ് ഇഗ്നിഷന്‍, റിവേഴ്സ് മോഡ്, സിംഗിള്‍-ചാനല്‍ എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം (TCS) എന്നീ സവിശേഷതകളും ഈ മോഡലില്‍ യമഹ സജ്ജീകരിച്ചിട്ടുണ്ട്. ഏകദേശം 139 കിലോഗ്രാം ഭാരമുള്ള ഈ സ്‌കൂട്ടറിന്റെ മുന്‍വശത്ത് 110-സെക്ഷന്‍ ടയറും പിന്നില്‍ 140-സെക്ഷന്‍ ടയറുമാണുള്ളത്.
14 ഇഞ്ച് വലിപ്പമുള്ള വലിയ അലോയ് വീലുകള്‍ക്കൊപ്പം രണ്ട് അറ്റങ്ങളിലും ഡിസ്‌ക് ബ്രേക്കുകള്‍ സ്റ്റോപ്പിംഗ് ഡ്യൂട്ടി ചെയ്യുന്നു. അധിക സുരക്ഷയ്ക്കായി സിംഗിള്‍-ചാനല്‍ എബിഎസും ലഭിക്കുന്നു. മുന്നില്‍ ടെലിസ്‌കോപ്പിക്ക് ഫോര്‍ക്കുകളും പിന്നില്‍ ട്വിന്‍ ഷോക്ക് അബ്സോര്‍ബറുകളുമാണ് സസ്പെന്‍ഷന്‍ ചുമതല നിര്‍വഹിക്കുന്നത്.
ആവശ്യാനുസരണം ഊരിമാറ്റാന്‍ സാധിക്കുന്ന (Removable) രണ്ട് ലിഥിയം അയണ്‍ ബാറ്ററി പായ്ക്കുകളാണ് എയ്റോക്സ്-ഇ മോഡലിന്റെ പ്രധാന സവിശേഷത. 1.5 kWh ശേഷിയുള്ള ഈ രണ്ട് ബാറ്ററികളും ചേര്‍ന്ന് ആകെ 3.0 kWh ശേഷി സ്‌കൂട്ടറിന് നല്‍കുന്നു. ഫുള്‍ ചാര്‍ജില്‍ 117 കിലോമീറ്ററാണ് ഈ പ്രീമിയം മോഡലിന്റെ ഐഡിസി സര്‍ട്ടിഫൈഡ് റേഞ്ച്. ചാര്‍ജിംഗ് സമയം നോക്കിയാല്‍, ഇതിലെ ഒരു ബാറ്ററി പൂജ്യത്തില്‍ നിന്നും പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ 3 മണിക്കൂറും 10 മിനിറ്റും മാത്രം മതിയാകും.
എന്നാല്‍ സ്‌കൂട്ടറിലെ രണ്ട് ബാറ്ററി പായ്ക്കുകളും ചേര്‍ന്ന് ഫുള്‍ ചാര്‍ജ് ചെയ്തെടുക്കാന്‍ ഏകദേശം 6 മണിക്കൂറും 20 മിനിറ്റും ആവശ്യമായി വരുമെന്ന് കമ്പനി വ്യക്തമാക്കി. ഈ ബാറ്ററികള്‍ക്കൊപ്പം മധ്യഭാഗത്തായി ഘടിപ്പിച്ച മിഡ്-മൗണ്ടഡ് (Mid-mounted) ഇലക്ട്രിക് മോട്ടോറാണ് ഇവി സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. ഇത് പരമാവധി 12.6 bhp (9.4 kW) പവറും 48 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. റൈഡര്‍മാരുടെ സൗകര്യത്തിനായി ഇക്കോണമി, സ്റ്റാന്‍ഡേര്‍ഡ്, പവര്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത റൈഡിംഗ് മോഡുകള്‍ ഈ സ്‌കൂട്ടറില്‍ ലഭ്യമാക്കിയിട്ടുണ്ട്.






