
ജയ്പൂര്‍: ജോലികിട്ടാന്‍ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ യുവതിക്കെതിരേ പിതാവിന്റെ മരണത്തിലും സംശയം. കഴിഞ്ഞ വര്‍ഷം മരണപ്പെട്ട പിതാവിന്റെ മരണത്തിന് പിന്നിലും നിയമവിദ്യാര്‍ത്ഥിനി തന്നെയായിരിക്കാമെന്ന സംശയം പ്രകടിപ്പിച്ചിരിക്കുന്നത് യുവതിയുടെ അമ്മാവനാണ്.
കോര്‍ട്ട് മാസ്റ്റര്‍ ആയിരുന്ന ഭര്‍ത്താവ് വിജയ് ശര്‍മ്മയുടെ മരണത്തെത്തുടര്‍ന്ന് കാരുണ്യനിയമന പ്രകാരമാണ് നീരജ് ശര്‍മ്മയ്ക്ക് ജയ്പൂര്‍ കോടതിയില്‍ ക്ലര്‍ക്കായി ജോലി ലഭിച്ചത്. ദീര്‍ഘനാളത്തെ രോഗാവസ്ഥയെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമായിരുന്നു വിജയ് ശര്‍മ്മ മരിച്ചത്. കഴിഞ്ഞ ജൂലൈ 3-നാണ് നീരജ് ശര്‍മ്മ ജയ്പൂരില്‍ വെച്ച് എസ്യുവി കാറിടിച്ച് മരിക്കുന്നത്. അമ്മയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിനാണ് മകള്‍ ആയുഷിയെ പോലീസ് അറസ്റ്റ് ചെയ്തത്.
അവസാന വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായ ആയുഷി, അമ്മാവന്റെ മകന്റെ ബല്‍റാമിന്റെ സഹായത്തോടെ 7 ലക്ഷം രൂപയ്ക്കാണ് കൊട്ടേഷന്‍ സംഘത്തെ വാടകയ്ക്കെടുത്തത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം അത് ഒരു റോഡപകടമാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇവരുടെ പദ്ധതി. അമ്മയുടെ സര്‍ക്കാര്‍ ജോലി സ്വന്തമാക്കാനും കുടുംബസ്വത്ത് തട്ടിയെടുക്കാനുമാണ് ആയുഷി ഈ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
ഇതിന് പിന്നാലെയാണ്, ആയുഷി തന്റെ പിതാവിനെയും കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി നീരജ് ശര്‍മ്മയുടെ സഹോദരനായ രാകേഷ് ശര്‍മ്മ രംഗത്തെത്തിയത്. വിജയ് ശര്‍മ്മയ്ക്ക് മസ്തിഷ്‌കാഘാതം ഉണ്ടായപ്പോള്‍ ആയുഷിയും കസിന്‍ ബല്‍റാമും ചേര്‍ന്ന് ഏതോ അജ്ഞാത ആശുപത്രിയിലേക്ക് മാറ്റിയെന്നും, മൂന്ന് മാസം അദ്ദേഹത്തിന്റെ ചികിത്സയെക്കുറിച്ചുള്ള വിവരങ്ങള്‍ കുടുംബത്തില്‍ നിന്ന് മറച്ചുവെച്ചെന്നും രാകേഷ് ശര്‍മ്മ ആരോപിക്കുന്നു.
അമ്മ നിരന്തരം ചോദ്യം ചെയ്തപ്പോള്‍, അച്ഛനെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് ആയുഷി പറഞ്ഞിരുന്നത്. പിന്നീട് കുടുംബാംഗങ്ങള്‍ വിജയ് ശര്‍മ്മയെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും, ഈ സമയത്ത് പല അവയവങ്ങളും പ്രവര്‍ത്തനരഹിതമായതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ആയുഷി പിതാവിന്റെ മൂക്കിലെ ഭക്ഷണക്കുഴല്‍ ബലമായി ഊരിമാറ്റിയതാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായതെന്നാണ് അമ്മാവന്‍ ആരോപിക്കുന്നത്.
അമ്മാവന്റെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു. കൊലപാതകം നടത്തിയ കൊട്ടേഷന്‍ സംഘത്തെയും ആയുഷിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ഗൂഢാലോചനയില്‍ പങ്കാളിയായ ആയുഷിയുടെ കസിന്‍ ബല്‍റാമിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.
പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച് ആയുഷി, ബല്‍റാം, ബല്‍റാമിന്റെ പിതാവ് മോഹന്‍ എന്നിവരാണ് നീരജ് ശര്‍മ്മയുടെ കൊലപാതകത്തിന് പിന്നിലെ പ്രധാന സൂത്രധാരന്മാര്‍. കൊലപാതകത്തിന് ശേഷം കുടുംബസ്വത്ത് തങ്ങള്‍ക്കിടയില്‍ വീതം വെക്കാന്‍ ഇവര്‍ മൂവരും തമ്മില്‍ ധാരണയുണ്ടായിരുന്നു.
മുന്‍പും ആയുഷി തന്റെ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. കുറച്ചുകാലമായി ഇവര്‍ അമ്മാവനായ മോഹന്റെയും കസിന്‍ ബല്‍റാമിന്റെയും കൂടെയായിരുന്നു താമസം. ആയുഷിയും ബല്‍റാമും തമ്മില്‍ പ്രണയത്തില്‍ ആയിരുന്നുവെന്നും പോലീസ് പറയുന്നു.
ജൂലൈ 3-ന് തന്റെ ഇളയ മകനെ കോച്ചിംഗ് സെന്ററില്‍ വിട്ട ശേഷം മടങ്ങിവരുന്നതിനിടയിലാണ് നീരജ് ശര്‍മ്മയെ അമിതവേഗതയിലെത്തിയ സ്‌കോര്‍പിയോ കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഒരു മാസം മുന്‍പും ഈ കൊട്ടേഷന്‍ സംഘം നീരജ് ശര്‍മ്മയെ വധിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അമിതമായ ഗതാഗതക്കുരുക്ക് കാരണം ആ ശ്രമം പരാജയപ്പെടുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. കൊട്ടേഷന്‍ സംഘാംഗങ്ങളായ ഹേമന്ത്, ആകാശ്, മോഹിത്, അരവിന്ദ്, രോഹിത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.






