
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടിയായി 12 ബാങ്ക് അക്കൗണ്ടുകൾ കൂടി പശ്ചിമ ബംഗാൾ പൊലീസ് മരവിപ്പിച്ചു. ഇതോടെ മരവിപ്പിച്ച ടിഎംസി അക്കൗണ്ടുകളുടെ എണ്ണം 15 ആയി. പൊതുമേഖലാ, സ്വകാര്യ ബാങ്കുകളിലായുള്ള ഈ അക്കൗണ്ടുകളിൽ ഏകദേശം 1,000 കോടി രൂപയുടെ നിക്ഷേപമുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.
പുതുതായി മരവിപ്പിച്ച അക്കൗണ്ടുകളുടെ ഉടമസ്ഥാവകാശവും അവയിലൂടെ നടന്ന സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. വിവിധ ബാങ്കുകളിലായാണ് ഈ അക്കൗണ്ടുകൾ ഉള്ളതെന്നും മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.
ഇതിന് മുമ്പ് ടിഎംസിയുടെ മൂന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ടുകൾ ഭാഗികമായി പ്രവർത്തിപ്പിക്കാൻ കൊൽക്കത്ത ഹൈക്കോടതി അനുമതി നൽകിയിരുന്നു. ജസ്റ്റിസ് സുബ്രത താലൂക്ക്ദാറിനെ പ്രത്യേക ഓഫീസറായി നിയമിച്ചതിന് പിന്നാലെയായിരുന്നു ഇടക്കാല ഉത്തരവ്.
ഹൈക്കോടതി നിർദേശപ്രകാരം, പ്രത്യേക ഓഫീസർ ഒപ്പിട്ട ചെക്കുകൾ മുഖേന ദൈനംദിന ഭരണച്ചെലവുകൾ, ജീവനക്കാരുടെ ശമ്പളം, നിയമപരമായ ചെലവുകൾ എന്നിവയ്ക്കായി മാത്രമാണ് ഫണ്ട് ഉപയോഗിക്കാൻ അനുമതി. പ്രത്യേക ഓഫീസർക്ക് പാർട്ടി ഫണ്ടിൽ നിന്ന് പ്രതിമാസം 1.25 ലക്ഷം രൂപ ഓണറേറിയവും അനുവദിച്ചിട്ടുണ്ട്.






