
ടെഹ്‌റാൻ: തന്റെ മുൻഗാമിയും പിതാവുമായ ആയത്തുള്ള അലി ഖമനേയിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുക എന്നത് "രാജ്യത്തിന്റെ ആവശ്യമാണെന്നും" അത് "തീർച്ചയായും" നടപ്പാക്കുമെന്നും ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മൊജ്താബ ഖമനേയി ശനിയാഴ്ച പറഞ്ഞു. അദ്ദേഹത്തിന്റെ ഔദ്യോഗിക ടെലിഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ട രേഖാമൂലമുള്ള സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
കഴിഞ്ഞ ഫെബ്രുവരി 28-ന് യു.എസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പിതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകൾക്ക് ശേഷമാണ് മൊജ്തബ ഈ സന്ദേശം പുറപ്പെടുവിച്ചത്. ആക്രമണം നടന്ന് മാസങ്ങൾക്ക് ശേഷമായിരുന്നു ശവസംസ്കാരം. രക്തസാക്ഷിയായ നമ്മുടെ നേതാവിന്റെയും രണ്ട് യുദ്ധങ്ങളിലും രക്തസാക്ഷികളായ മറ്റുള്ളവരുടെയും രക്തത്തിന് പ്രതികാരം ചെയ്യുമെന്ന് ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു എന്നായിരുന്നു മൊജതബ തന്റെ സന്ദേശത്തിൽ പറഞ്ഞത്.
ഈ പ്രതികാരം നമ്മുടെ രാജ്യത്തിന്റെ ആഗ്രഹമാണ്, അത് നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും മൊജ്തബ പറഞ്ഞതായി സർക്കാർ നിയന്ത്രണത്തിലുള്ള വാർത്താ ഏജൻസിയായ 'ഫാർസ്' റിപ്പോർട്ട് ചെയ്യുന്നു. ആയത്തുള്ള അലി ഖമനേയിയുടെ പിൻഗാമിയായി പരമോന്നത നേതാവായി ചുമതലയേറ്റ മൊജ്താബ പിതാവിന്റെ മരണത്തിനിടയാക്കിയ ആക്രമണത്തിന് ശേഷം ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഈ ആഴ്ച നടന്ന പിതാവിന്റെ സംസ്‌കാര ചടങ്ങുകളിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ആക്രമണത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേൽക്കുകയോ വൈരൂപ്യം സംഭവിക്കുകയോ ചെയ്തിട്ടുണ്ടാകാമെന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. പുതിയ ആയത്തുള്ളയുടേതെന്ന പേരിൽ രേഖാമൂലമുള്ള പ്രസ്താവനകൾ ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ പലതവണയായി പുറത്തുവിട്ടിട്ടുണ്ട്.






