
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ 'ബ്രേക്ക് ദി ചെയിന്‍' പദ്ധതിയുമായി ബന്ധപ്പെട്ട് ഡോ. മുഹമ്മദ് അഷീലിനെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ. പദ്ധതിയുടെ മുന്‍നിരയിലുണ്ടായിരുന്നയാളാണ് സാമൂഹ്യ സുരക്ഷാ മിഷന്‍ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍. കോടികളുടെ ക്രമക്കേട് നടന്നതായിട്ടാണ് ആരോപണം.
കോടികളുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി ധനകാര്യ വിഭാഗമാണ് കണ്ടെത്തിയത്. ധനകാര്യ പരിശോധന വിഭാഗം നടത്തിയ വിശദമായ ഓഡിറ്റില്‍ പദ്ധതിയുടെ മറവില്‍ നടന്ന നിയമലംഘനങ്ങളും സുതാര്യതയില്ലായ്മയും പുറത്തുവന്നു. ഡോ. അഷീലിനെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശക്തമായി ശുപാര്‍ശ ചെയ്യുന്നുണ്ട്.
ചിലവഴിച്ച തുകയുടെ പൂര്‍ണ്ണമായ ബില്ലുകളോ വൗച്ചറുകളോ രേഖകളോ ഹാജരാക്കാന്‍ സാമൂഹ്യ സുരക്ഷാ മിഷന് കഴിഞ്ഞിട്ടില്ല. ബില്ലുകളില്‍ വലിയ രീതിയിലുള്ള അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ഇത്തരം വന്‍കിട പദ്ധതികള്‍ക്കായി പ്രത്യേക ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ച് ഇടപാടുകള്‍ നടത്തണമെന്ന പ്രാഥമിക ചട്ടം ലംഘിക്കപ്പെട്ടു. പൊതു അക്കൗണ്ടുകള്‍ വഴിയാണ് സാമ്പത്തിക ഇടപാടുകള്‍ പലതും നടന്നത്.
സാനിറ്റൈസര്‍, മാസ്‌ക് എന്നിവയുടെ നിര്‍മ്മാണത്തിനായി സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ 33 ലക്ഷം രൂപയാണ് വിവിധ വകുപ്പുകള്‍ക്ക് മുന്‍കൂറായി നല്‍കിയത്. കൂടാതെ, യാതൊരുവിധ ടെന്‍ഡര്‍ നടപടികളും പാലിക്കാതെയാണ് പര്‍ച്ചേസുകള്‍ ഭൂരിഭാഗവും നടത്തിയത്. പദ്ധതിയുടെ ഭാഗമായി സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ച ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ സ്റ്റോക്ക് രജിസ്റ്ററില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. വരവ്-ചെലവ് കണക്കുകളിലും വലിയ അപാകതകള്‍ കണ്ടെത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ ഉത്തരവുകളില്ല: ഏറ്റവും വിചിത്രമായ കണ്ടെത്തല്‍, 'ബ്രേക്ക് ദി ചെയിന്‍' പദ്ധതി നടപ്പാക്കാനായി സാമൂഹ്യ സുരക്ഷാ മിഷനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഔദ്യോഗിക സര്‍ക്കാര്‍ ഉത്തരവുകള്‍ ഒന്നും തന്നെ നിലവിലില്ല എന്നതാണ്.
ഭരണപരമായ ഇത്തരം ഗുരുതര വീഴ്ചകളെക്കുറിച്ച് ധനകാര്യ വിഭാഗം ഡോ. മുഹമ്മദ് അഷീലിനോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ ഇദ്ദേഹം നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് കര്‍ശനമായ വകുപ്പുതല അച്ചടക്ക നടപടികളിലേക്ക് കടക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.






