
കൊച്ചി: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയ്ക്ക് നേരിയ ആശ്വാസം നല്‍കിക്കൊണ്ട് ആര്‍. സുഗതന്റെ കാര്യത്തില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധി. നാളെ 11 മണിക്ക് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സുഗതന് സത്യപ്രതിജ്ഞ ചെയ്യാം. ഇതോടെ നാലാഴ്ചത്തെ സമയത്തിനുള്ളില്‍ ബിജെപി കൗണ്‍സിര്‍ക്ക് സത്യപ്രതിജ്ഞ നടത്താന്‍ കഴിയുമെന്നത് ബിജെപിയ്ക്ക് വലിയ ആശ്വാസമാണ്.
നിലവില്‍ കാപ്പാകേസില്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന സുഗതനെ പുറത്തുവിടാന്‍ കഴിയില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ തുടര്‍ന്നാണ് ജയിലില്‍ സത്യപ്രതിജ്ഞ നടക്കുക. നേരത്തേ സത്യപ്രതിജ്ഞ വീണ്ടും ചെയ്യാന്‍ കോര്‍പ്പമറഷന്‍ ഹാളില്‍ എത്താന്‍ അനുവദിക്കണമെന്ന് കാണിച്ച് സുഗതന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ മറുപടി തേടുകയും കാപ്പാകേസ് പ്രതിയെ പുറത്തുവിടാനാകില്ലെന്ന് സംസ്ഥാനം മറുപടി നല്‍കുകയുമായിരുന്നു.
നേരത്തേ സുഗതന് നെടുമങ്ങാട് കോടതി സത്യപ്രതിജ്ഞ ചെയ്യാന്‍ വേണ്ടി പരിമിതമായ ജാമ്യം നല്‍കിയെങ്കിലൂം കാപ്പക്കേസ് കാരണം സുഗതന് ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതി സുഗതന്റെ ഹര്‍ജിയില്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിച്ചത്.
നേരത്തേ ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിഞ്ജ ഭരണഘടനാലംഘനമാണെന്ന് കാണിച്ച് എല്‍ഡിഎഫ് കൗണ്‍സിലറായ എസ്.പി. ദീപക് നല്‍കിയ ഹര്‍ജിയില്‍ സുഗതന്‍ അടക്കം 20 ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ വീണ്ടും നടത്താന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതില്‍ 19 പേരും സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും കേസ് കാരണം സുഗതന് കഴിഞ്ഞില്ല. ഇതോടെയാണ് ഹര്‍ജിയുമായി പോയത്.
ജനാധിപത്യ അവകാശത്തെ നിഷേധിക്കാനാകില്ലെന്നാണ് കോടതി പറഞ്ഞത്. ഇനി ജയില്‍ വകുപ്പാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. മുനിസിപ്പാലിറ്റി നിയമം അനുസരിച്ച് സത്യപ്രതിജ്ഞ ജയിലില്‍ ചെയ്യുന്നതിന് വിലക്കില്ലെന്നും ഹൈക്കോടതി വിധിയില്‍ പറയുന്നു. അതേസമയം സുഗതന്‍ രണ്ടു കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തിട്ടില്ല. മൂന്നാമത്തെ കൗണ്‍സില്‍യോഗത്തിലും പങ്കെടുക്കാതിരുന്നാലും പ്രശ്‌നമുണ്ട്.
യഥാസമയം സത്യപ്രതിജ്ഞ ചെയ്തില്ലെങ്കില്‍ ആര്‍ സുഗതന്റെ കൗണ്‍സിലര്‍ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടുമായിരുന്നു. എന്നിരുന്നാലും കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല. ജാമ്യം ലഭിച്ചാലേ കൗണ്‍സില്‍ ഹാളിലേക്ക് സുഗതന് എത്താനാകു. സത്യപ്രതിജ്ഞ ചെയ്യാമെന്നും എന്നാല്‍ കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കരുതെന്നും നേരത്തേ നെടുമങ്ങാട് കോടതി പറഞ്ഞിരുന്നു.






