
ഭുവനേശ്വർ: ഒഡീഷയിൽ കുടുംബവഴക്കിനിടെ ഭാര്യ മൊബൈൽ ഫോൺ കൊണ്ട് തലയ്ക്കടിച്ചതിനെ തുടർന്ന് ഭർത്താവ് മരിച്ചു. ബൊലാംഗിർ ജില്ലയിലാണ് സംഭവം. ശനിയാഴ്ചയായിരുന്നു സംഭവം.
തർക്കത്തിനിടെയാണ് ഭർത്താവിന്റെ തലയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് അടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ബൊലാംഗിറിലെ ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചികിത്സയ്ക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഡോക്ടർമാർ ഇയാളെ ഡിസ്ചാർജ് ചെയ്തു. എന്നാൽ വീട്ടിലെത്തിയതിന് പിന്നാലെ ആരോഗ്യനില വീണ്ടും വഷളാവുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ ഇയാളെ വീണ്ടും ആശുപത്രിയിലെത്തിച്ചു.
ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മരണം സ്ഥിരീകരിച്ചു.
അതേസമയം, സംഭവത്തിലെ യഥാർഥ മരണകാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും റിപ്പോർട്ട് ലഭിച്ച ശേഷമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.






