
കണ്ണൂർ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് ആരോപണം പാർലമെന്റിൽ ശക്തമായി ഉന്നയിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെയും സംഘപരിവാറിന്റെയും നേതൃത്വത്തിൽ നടന്നത് രാജ്യത്തെ ഏറ്റവും വലിയ 'അമ്പലക്കൊള്ള'യാണെന്നും ഇത് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു. വിഷയത്തിൽ വിശ്വാസികളെ അണിനിരത്തി രാജ്യവ്യാപക പ്രക്ഷോഭം കോൺഗ്രസ് സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ മാസം 20ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ സംഭാവനകളുടെ കണക്ക് സർക്കാർ വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുമെന്നും, "കട്ടവന്മാർ തന്നെ മാപ്പ് പറഞ്ഞാൽ പ്രശ്നം തീരുമോ?" എന്നും അദ്ദേഹം ചോദിച്ചു. ബിജെപിക്ക് വിശ്വാസം എന്നത് കക്കാനും ജനങ്ങളെ വിഭജിക്കാനുമുള്ള ഉപകരണമാണെന്നും അദ്ദേഹം വിമർശിച്ചു.
രാഷ്ട്രീയ പാർട്ടികളെ പിളർത്തുന്ന ബിജെപിയുടെ നീക്കങ്ങളും കെ.സി. വേണുഗോപാൽ വിമർശിച്ചു. ബിജെപിക്കെതിരെ ശക്തമായി സംസാരിച്ചിരുന്ന തൃണമൂൽ കോൺഗ്രസിലെ 20 എംപിമാർ പിന്നീട് ബിജെപിയോട് അടുപ്പം പുലർത്തിയതെങ്ങനെ എന്ന ചോദ്യവും അദ്ദേഹം ഉയർത്തി. അതിന് പിന്നിൽ ഭീഷണിയും സമ്മർദവുമാണെന്നും ശിവസേനയിലും ആം ആദ്മി പാർട്ടിയിലും സമാന സാഹചര്യം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലപുനർനിർണയ ബിൽ പാസാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും, തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് സംവിധാനത്തിൽ ഇടപെട്ട് ദീർഘകാലം രാജ്യം ഭരിക്കാമെന്ന ധാരണയിലാണ് അവർ മുന്നോട്ട് പോകുന്നതെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു.






