
തിരുവനന്തപുരം: കോവിഡ് കാലത്ത് നടപ്പാക്കിയ ബ്രേക്ക് ദി ചെയിൻ പദ്ധതിയിൽ ക്രമക്കേടുകൾ കണ്ടെത്തിയതായി ധനകാര്യ വകുപ്പിന്റെ പരിശോധനാ റിപ്പോർട്ട്. സാമൂഹ്യ സുരക്ഷാ മിഷൻ മുൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.
പദ്ധതിയുമായി ബന്ധപ്പെട്ട ചെലവുകളുടെ പൂർണ ബില്ലുകളോ അനുബന്ധ രേഖകളോ ഹാജരാക്കിയിട്ടില്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. സാമ്പത്തിക ഇടപാടുകൾ പദ്ധതിക്കായി പ്രത്യേക ബാങ്ക് അക്കൗണ്ട് വഴിയല്ല നടത്തിയതെന്നും, പദ്ധതി നടപ്പാക്കാൻ സാമൂഹ്യ സുരക്ഷാ മിഷനെ ചുമതലപ്പെടുത്തിയ സർക്കാർ ഉത്തരവ് ലഭ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സാനിറ്റൈസറും മാസ്‌കും നിർമ്മിക്കുന്നതിനായി സർക്കാർ അനുമതിയില്ലാതെ വിവിധ വകുപ്പുകൾക്ക് 33 ലക്ഷം രൂപ മുൻകൂറായി അനുവദിച്ചതായും പരിശോധനയിൽ കണ്ടെത്തി. ബില്ലുകളിൽ വ്യക്തതക്കുറവുണ്ടെന്നും, സ്പോൺസർഷിപ്പായി ലഭിച്ച സാധനങ്ങൾ സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ടെൻഡർ നടപടികൾ പാലിക്കാതെയാണ് സാധനങ്ങൾ വാങ്ങിയതെന്നും, ഡോ. മുഹമ്മദ് അഷീൽ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും ധനകാര്യ വകുപ്പ് വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിനെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്.
കോവിഡ് മഹാമാരിക്കാലത്ത് രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ നിർണായക പങ്കുവഹിച്ച പദ്ധതിയായിരുന്നു ബ്രേക്ക് ദി ചെയിൻ. അന്ന് സാമൂഹ്യ സുരക്ഷാ മിഷൻ വഴിയാണ് പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ ചുമതല ഡോ. മുഹമ്മദ് അഷീലിനായിരുന്നു.
നേരത്തെ ഈ പദ്ധതിയിൽ അക്കൗണ്ടന്റ് ജനറൽ നടത്തിയ പരിശോധനയിൽ ക്രമക്കേടുകളും പൊരുത്തക്കേടുകളും കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് വിശദമായ പരിശോധന നടത്താൻ ധനകാര്യ വകുപ്പിനെ സർക്കാർ ചുമതലപ്പെടുത്തിയത്.






