
ചെന്നൈ: ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയതും വിജയകരവുമായ കൂട്ടുകെട്ടുകളിലൊന്നായ ചെന്നൈ സൂപ്പർ കിങ്‌സും (സി.എസ്.കെ) മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങും തമ്മിലുള്ള 18 വർഷത്തെ ബന്ധം അവസാനിക്കുന്നു. പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്.
സി.എസ്.കെ മാനേജ്മെന്റുമായി നടന്ന തുറന്നതും സുതാര്യവുമായ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്ന് ഫ്രാഞ്ചൈസി ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. 2023-ൽ കിരീടം നേടിയതിന് പിന്നാലെ 2024, 2025, 2026 സീസണുകളിൽ തുടർച്ചയായി പ്ലേ ഓഫ് കാണാതെ പുറത്തായതാണ് ടീമിനെതിരെ വിമർശനം ശക്തമാക്കിയത്. ഈ സാഹചര്യമാണ് ഫ്ലെമിങ്ങിന്റെ പടിയിറക്കത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ.
2008-ലെ പ്രഥമ ഐ.പി.എൽ സീസണിൽ താരമായാണ് മുൻ ന്യൂസിലൻഡ് നായകൻ സ്റ്റീഫൻ ഫ്ലെമിങ് സി.എസ്.കെയിലെത്തിയത്. ഒരു വർഷത്തിന് ശേഷം മുഖ്യ പരിശീലകനായ അദ്ദേഹം ടീമിനെ ലീഗിലെ ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസികളിലൊന്നാക്കി വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.
ഫ്ലെമിങ്ങിന്റെ പരിശീലനത്തിൽ സി.എസ്.കെ അഞ്ച് ഐ.പി.എൽ കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗ് ടി20 കിരീടങ്ങളും സ്വന്തമാക്കി. ഇതിന് പുറമെ 12 തവണ പ്ലേ ഓഫിലും 10 തവണ ഫൈനലിലും ടീം ഇടംപിടിച്ചു.
"കായികരംഗത്ത് 18 വർഷം എന്നത് ഒരു ജീവിതകാലമാണ്. അതിയായ നന്ദിയോടെയാണ് ഞാൻ ഈ പടിയിറക്കം സ്വീകരിക്കുന്നത്. എന്റെ പരിശീലക ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അധ്യായം സി.എസ്.കെയോടൊപ്പമുള്ള കാലഘട്ടമാണ്. ഒരുമിച്ച് നിരവധി നേട്ടങ്ങൾ സ്വന്തമാക്കി, വെല്ലുവിളികൾ അതിജീവിച്ചു. സി.എസ്.കെ എപ്പോഴും എന്റെ ഹൃദയത്തോട് ചേർന്നുതന്നെയുണ്ടാകും," എന്ന് ഫ്ലെമിങ് പ്രതികരിച്ചു.






