
നാടുവിട്ട് അന്യദേശത്തേക്ക് പോകുന്നത് പലപ്പോഴും മികച്ച ജീവിതത്തിലും സാമ്പത്തികത്തിനും വേണ്ടിയാണ്. ഇന്ത്യക്കാരായ പല ചെറുപ്പക്കാരും തങ്ങളുടെ പഠനം പോലും വിദേശത്ത് വേണമെന്ന് ശഠിക്കുന്നത് നേരത്തെ തന്നെ സെറ്റിലാകാം എന്ന ലക്ഷ്യത്തോടെയാണ്. പല വിദേശ നഗരങ്ങളും ഇവരുടെ പ്രയോരിറ്റി ലിസ്റ്റില്‍ പെടാറുണ്ടെങ്കിലും അതില്‍ മുന്‍പന്തിയില്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക-സാംസ്കാരിക കേന്ദ്രങ്ങളിലൊന്നായ ന്യൂയോർക്ക് സിറ്റിയാണ്. അവസരങ്ങളുടെയും വിജയങ്ങളുടെയും നാടായാണ് ന്യൂയോര്‍ക്ക് അറിയപ്പെടുന്നത് എന്നുള്ളത് തന്നെയാണതിന്റെ കാരണം.
എന്നാല്‍ ഇപ്പോഴിതാ അവിടെ ജീവിക്കുക എന്നത് പണം കൊണ്ടുമാത്രം സാധ്യമാകുന്ന ഒന്നല്ലെന്ന് തുറന്നുപറയുകയാണ് ഒരു ഇന്ത്യൻ പ്രവാസി. സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ട വീഡിയോയിലൂടെ ഇന്ത്യൻ വിനോദസഞ്ചാരിയായ കുനാല്‍ ദത്ത് ന്യൂയോര്‍ക്കിനെക്കുറിച്ച് പറയുന്നത്. പത്തു വര്‍ഷത്തിനു മുകളിലായി കുനാല്‍ ന്യൂയോര്‍ക്കിലാണ്. ന്യൂയോർക്കിന്റെ അതിവേഗത്തിലോടുന്ന അന്തരീക്ഷത്തിനൊപ്പം സഞ്ചരിക്കാൻ കഴിഞ്ഞില്ലെങ്കില്‍ ആളുകള്‍ ഇവിടെ ഒറ്റപ്പെട്ടുപോകുമോ എന്ന കുനാല്‍ ദത്തിന്റെ ചോദ്യത്തിനാണ് പ്രവാസി മറുപടി നല്‍കിയത്.
‘‘അത് തികച്ചും സത്യമാണ്. സ്വന്തം ജീവിതത്തെക്കുറിച്ചും ചെയ്യുന്ന ജോലിയെക്കുറിച്ചും സ്വയം സന്തോഷം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കില്‍ ഈ നഗരം മനുഷ്യരെ മാനസികമായി വിഴുങ്ങിക്കളയും. ചുറ്റുമുള്ള മനുഷ്യർ അതിവേഗം വളരുന്നതും കഠിനാധ്വാനം ചെയ്ത് മുന്നേറുന്നതും നിരന്തരം കാണുമ്പോള്‍, തങ്ങള്‍ മാത്രം പിന്നിലായിപ്പോകുന്നു എന്ന ചിന്ത പലരിലും നിരാശയുണ്ടാക്കും. ഈ കടുത്ത മത്സരവും അമിത സമ്മർദ്ദവുമാണ് പലരുടെയും പതനത്തിന് കാരണം...’ പ്രവാസി പറഞ്ഞു.
‘‘തുടർച്ചയായ ഓട്ടത്തിന് പുറമെ നഗരത്തിലെ ഉയർന്ന ജീവിതച്ചെലവും വലിയൊരു പ്രതിസന്ധിയാണ്. ഒരു സാധാരണ നല്ല റെസ്റ്റോറന്റില്‍ നിന്ന് കഴിക്കുന്ന ഒരു ഉച്ചഭക്ഷണത്തിന് പോലും കുറഞ്ഞത് ഏകദേശം 9,500 രൂപ മുതല്‍ ഏകദേശം 14,300 രൂപ വരെ ചിലവ് വരും. കണ്‍മുന്നില്‍ വലിയ അവസരങ്ങളും പണവും അതിവേഗം കൈമാറ്റം ചെയ്യപ്പെടുമ്പോള്‍, സ്വന്തം കരിയറിനെക്കുറിച്ച് സംശയം തോന്നിത്തുടങ്ങിയാല്‍ ന്യൂയോർക്കിലെ അന്തരീക്ഷം ആളുകളെ തളർത്തും. ജീവിതത്തില്‍ വിശ്രമമില്ലാതെ പണിയെടുക്കാൻ തയ്യാറുള്ള 23 നും 35 നും ഇടയില്‍ പ്രായമുള്ളവരാണ് പൊതുവെ ന്യൂയോർക്കിലേക്ക് വരുന്നത്. ഇവിടെ നിലനില്‍ക്കണമെങ്കില്‍ കഠിനാധ്വാനിയായ ഒരു ‘ഹസ്‌ലർ’ ആയേ തീരൂ...വിവാഹം, കുട്ടികള്‍, സ്വന്തമായി ഒരു വലിയ വീട് എന്നിവയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഭൂരിഭാഗം പേരും ന്യൂയോർക്ക് വിട്ട് മറ്റ് നഗരപ്രാന്തങ്ങളിലേക്ക് മാറാറുണ്ട്...’ കുനാല്‍ ദത്ത് പറഞ്ഞു.
‘‘ന്യൂയോർക്ക് സിറ്റിക്കുള്ളില്‍ കുടുംബവുമായി ജീവിക്കുക എന്നത് അത്ര എളുപ്പമല്ല. അഞ്ചോ ആറോ വർഷത്തെ കരിയറിന് ശേഷം വലിയ വീടുകളും തോട്ടങ്ങളും കുട്ടികള്‍ക്ക് മികച്ച സ്കൂളുകളും ആഗ്രഹിച്ച് ആളുകള്‍ ന്യൂയോർക്ക് വിടുകയാണ് പതിവ്. കൂടാതെ സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് ഫ്ലോറിഡ, ടെക്സസ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് മാറുന്നവരും കുറവല്ല. ഈ സംസ്ഥാനങ്ങളില്‍ താമസക്കാർ സ്റ്റേറ്റ് ഇൻകം ടാക്സ് നല്‍കേണ്ടതില്ല, ഫെഡറല്‍ നികുതി മാത്രം നല്‍കിയാല്‍ മതിയാകും. ന്യൂയോർക്ക്, സാൻ ഫ്രാൻസിസ്കോ, ബോസ്റ്റണ്‍ തുടങ്ങിയ വൻ നഗരങ്ങളെ അപേക്ഷിച്ച് സെൻട്രല്‍ അമേരിക്കൻ നഗരങ്ങളില്‍ ജീവിതച്ചെലവ് വളരെ കുറവാണെന്നതും ആളുകളെ ന്യൂയോർക്കില്‍ നിന്ന് അകറ്റാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്...’’ രണ്ടുപേരും പറഞ്ഞു. എന്തായാലും ഇവരുടെ വീഡിയോ വലിയ ചര്‍ച്ചകള്‍ക്കും അഭിപ്രായങ്ങള്ക്കുമൊക്കെ വഴിവച്ചിട്ടുണ്ട്. പലരും നാട് വിട്ടു പോകുന്നതിലെ പ്രശ്നങ്ങളാണ് കമന്റുകളില്‍ കുറിക്കുന്നത്.






