
ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ഇംതിയാസ് അലിയുടെ മകളും സംവിധായകിയുമായ ഇഡാ അലി വിവാഹിതയാകുന്നു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പ്രൊപ്പോസൽ വീഡിയോയിലൂടെയാണ് ഇഡ ഇക്കാര്യം അറിയിച്ചത്. ദീർഘകാലമായി ഇഡ ഡേറ്റ് ചെയ്തിരുന്ന കൃഷ്ണ അഗർവാളാണ് വരൻ. നോർവേയിലെ ബീച്ചിൽ വെച്ചാണ് കൃഷ് ഇഡയോട് വിവാഹാഭ്യർഥന നടത്തിയത്. ഇതിന്റെ ചിത്രങ്ങളും ഇഡ പങ്കുവെച്ചു.
സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേരാണ് ഇഡയ്ക്കും കൃഷിനും ആശംസകൾ നേർന്ന് കമന്റിട്ടത്. സോഷ്യൽ മീഡിയയിലെ പരിചിതമുഖമാണ് കൃഷ്. അവധിക്കാലം ആഘോഷിക്കുമ്പോഴും ജീവിതത്തിലെ നാഴികക്കല്ലുകൾ പിന്നിടുമ്പോഴും ഇഡ, കൃഷിനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.
കാലിഫോർണിയയിലെ ചാപ്മാൻ യൂണിവേഴ്‌സിറ്റിയുടെ ഭാഗമായ ഡോഡ്ജ് കോളേജ് ഓഫ് ഫിലിം ആൻഡ് മീഡിയ ആർട്‌സിലാണ് ഇഡാ അലി സംവിധാനം പഠിച്ചത്. 2021 ൽ അനുരാഗ് കശ്യപിന്റെ മകൾ ആലിയ പ്രധാനവേഷത്തിലെത്തിയ ഷോർട്ട് ഫിലിം ഇഡ യൂട്യൂബിലൂടെ പുറത്തിറക്കി. കോളേജ് പ്രൊജക്ടിന്റെ ഭാഗമായിരുന്നു ഇത്. ഗായത്രി എന്നായിരുന്നു ഷോർട്ട് ഫിലിമിന്റെ പേര്.






