
തിരുവനന്തപുരം: സിപിഐ അവകാശമുന്നയിച്ച പ്രതിപക്ഷ ഉപനേതൃ സ്ഥാനത്തിൽ ഇന്നും തീരുമാനമായില്ല. ഇതിനായി ഇന്ന് ചർച്ച നടത്തുമെന്ന് നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു. എന്നാൽ ഇന്ന് ഇരു പാർട്ടികളും അതേക്കുറിച്ച് ഗൗരവതരമായ പ്രതികരണങ്ങളൊന്നും നടത്തിയിരുന്നില്ല. വിഷയത്തിൽ മാധ്യമങ്ങളോട് പറയാൻ പറ്റുന്ന തരത്തിൽ തീരുമാനം ആയിട്ടില്ലെന്നായിരുന്നു എംഎൻ സ്മാരകത്തിലെത്തി സിപിഐ നേതാക്കളെ കണ്ട ശേഷം എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പ്രതികരിച്ചത്.
എന്നാൽ ഇതേക്കുറിച്ച് ഇരുപാർട്ടികളും തമ്മിൽ ചർച്ചകൾ തുടരും. സിപിഐക്കും സിപിഐഎമ്മിനും ഒരേ രാഷ്ട്രീയമാണെന്നും ആ കാഴ്ചപ്പാടോടെയാണ് ചർച്ച ചെയ്യുന്നതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് പ്രശ്നം സിപിഐ ഉന്നയിച്ചിട്ടുണ്ടെന്നും സിപിഎം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. ഇത് പരിഹരിക്കുന്നതിന് കൂടിയാലോചനയാണ് വേണ്ടത്. പ്രശ്നം പരിഹരിച്ച് കരുത്തോടെ മുന്നോട്ടുപോകും. ചർച്ചചെയ്യുന്ന കാര്യങ്ങൾ പുറത്തു പറയുന്നത് പാർട്ടിയുടെ രീതിയല്ലെന്നും ടി പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
വിഷയത്തിൽ സിപിഐയുടെ പരസ്യ നിലപാടിൽ എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ നേരത്തെ അതൃപ്തി വെളിവാക്കിയിരുന്നു. ഈ വിഷയം പുറത്ത് പറഞ്ഞ് തീർപ്പാക്കേണ്ട കാര്യമല്ല എന്നായിരുന്നു ടി.പി രാമകൃഷ്ണന്റെ പ്രതികരണം.






