
ന്യൂഡൽഹി: മധ്യപ്രദേശിലെ ധാറിലുള്ള ഭോജ്ശാല ക്ഷേത്ര–കമൽ മൗല മസ്ജിദ് സമുച്ചയവുമായി ബന്ധപ്പെട്ട തർക്കത്തിൽ മുസ്ലിം വിഭാഗത്തിന്റെ അപ്പീൽ പരിഗണിക്കാൻ സുപ്രീംകോടതി സമ്മതിച്ചു. എന്നാൽ, വെള്ളിയാഴ്ചകളിലെ നിസ്‌കാരം പുനഃസ്ഥാപിക്കാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യം കോടതി നിരസിച്ചു.
വിഷയം അതീവ വൈകാരികമാണെന്നും ഹിന്ദു, മുസ്ലിം വിഭാഗങ്ങൾ ക്ഷമയും സംയമനവും പാലിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മുതൽ 3 വരെ മുസ്ലിംകൾക്ക് പ്രാർഥന നടത്തുന്നതിനായി സമുച്ചയത്തിന് സമീപമുള്ള തുറസ്സായ സ്ഥലം ലഭ്യമാക്കാൻ മധ്യപ്രദേശ് സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു. അതേസമയം, കോടതിയുടെ അനുമതിയില്ലാതെ സമുച്ചയത്തിൽ ഘടനാപരമായ മാറ്റങ്ങൾ വരുത്തരുതെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് (എഎസ്‌ഐ) നിർദേശം നൽകി.
ഭോജ്ശാലയെ സരസ്വതി ക്ഷേത്രമായി പ്രഖ്യാപിച്ച മധ്യപ്രദേശ് ഹൈക്കോടതിയുടെ മെയ് മാസത്തിലെ വിധിക്കെതിരെയാണ് മുസ്ലിം വിഭാഗം സുപ്രീംകോടതിയെ സമീപിച്ചത്. 2003-ൽ നിലവിൽ വന്ന വെള്ളിയാഴ്ചകളിലെ നിസ്‌കാരാനുമതി ഹൈക്കോടതി ഈ വർഷം റദ്ദാക്കിയിരുന്നു.
ഭോജ്ശാലയിൽ സംസ്‌കൃത പഠനകേന്ദ്രത്തിന്റെയും സരസ്വതി ക്ഷേത്രത്തിന്റെയും തെളിവുകളുണ്ടെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. ഹിന്ദു വിഭാഗം ഇത് വാഗ്ദേവിക്ക് സമർപ്പിച്ച ക്ഷേത്രമാണെന്ന് വാദിക്കുമ്പോൾ, നൂറ്റാണ്ടുകളായി കമൽ മൗല മസ്ജിദായാണ് ഈ സ്ഥലം പ്രവർത്തിച്ചിരുന്നതെന്ന് മുസ്ലിം വിഭാഗം അവകാശപ്പെടുന്നു.
2024-ൽ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് എഎസ്‌ഐ നടത്തിയ ശാസ്ത്രീയ സർവേയിൽ ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ, റിപ്പോർട്ട് പക്ഷപാതപരമാണെന്നും ഹിന്ദു വിഭാഗത്തിന്റെ വാദങ്ങളെ പിന്തുണയ്ക്കുന്നതാണെന്നുമാണ് മുസ്ലിം വിഭാഗത്തിന്റെ നിലപാട്.






