
ബങ്കിപ്പൂർ: ബിഹാറിലെ ബാങ്കിപൂർ അസംബ്ലി മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനായി സമർപ്പിച്ച നാമനിർദ്ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിൽ പ്രശാന്ത് കിഷോർ വെളിപ്പെടുത്തിയത് 96 കോടി രൂപയിലധികം മൂല്യമുള്ള ആസ്തികൾ. ഇതിൽ 22.19 കോടി രൂപയുടെ ജംഗമ ആസ്തികളും 73.87 കോടി രൂപയുടെ സ്ഥാവര ആസ്തികളും ഉൾപ്പെടുന്നു.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞനിൽ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ ജൻ സൂരാജ് പാർട്ടി സ്ഥാപകൻ കൂടിയായ പ്രശാന്ത് കിഷോർ, തനിക്ക് ബാങ്കിൽ 5.77 കോടി രൂപയുടെ വായ്പാ ബാധ്യതയുണ്ടെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.സത്യവാങ്മൂലത്തിലെ വിവരങ്ങൾ പ്രകാരം പ്രശാന്ത് കിഷോറിനേക്കാൾ സമ്പന്ന അദ്ദേഹത്തിന്റെ ഭാര്യ ഡോ. ജാഹ്നവി ദാസ് ആണ്. അസമിൽ നിന്നുള്ള ഡോക്ടറായ അവർക്ക് ആകെ 102 കോടി രൂപയ്ക്കടുത്ത് മൂല്യമുള്ള ആസ്തിയുണ്ട്. ഇതിൽ 89.51 കോടി രൂപയുടെ ജംഗമ ആസ്തികളും 12.42 കോടി രൂപയുടെ സ്ഥാവര ആസ്തികളും ഉൾപ്പെടുന്നു.
സത്യവാങ്മൂലം അനുസരിച്ച് പ്രശാന്ത് കിഷോറിന്റെ കയ്യിലുള്ളത് 65,570 രൂപയാണ്. ഭാര്യയുടെ കയ്യിൽ 1,95,200 രൂപയും പണമായുണ്ട്. ഒരു സ്വകാര്യ കമ്പനിയിൽ പ്രശാന്ത് കിഷോറിന് 100 ശതമാനം നിയന്ത്രണാവകാശമുള്ള ഓഹരി പങ്കാളിത്തമുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ഈ കമ്പനി 2024-25 സാമ്പത്തിക വർഷത്തിൽ ജൻ സൂരാജ് പാർട്ടിക്ക് 85 കോടി രൂപയും ജൻ സൂരാജ് ഫൗണ്ടേഷന് 50 ലക്ഷം രൂപയും സംഭാവനയായി നൽകിയിട്ടുണ്ട്.
ജൂലൈ 30-ന് നടക്കുന്ന ബാങ്കിപൂർ നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് എതിരെ വിജയം നേടുകയാണ് പ്രശാന്ത് കിഷോറിന്റെ ലക്ഷ്യം. ഏതാനും മാസങ്ങൾക്ക് മുമ്പ് ബിജെപി ദേശീയ പ്രസിഡന്റ് നിതിൻ നവീൻ ഒഴിഞ്ഞതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.






