
ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളിലെ സ്ത്രീകൾക്കെതിരായ സൈബർ അതിക്രമങ്ങൾക്കും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റങ്ങൾക്കും എതിരെ ശക്തമായ പ്രതികരണവുമായി മന്ത്രി ബിന്ദു കൃഷ്ണ. മന്ത്രി പദവിയിലിരിക്കെ തനിക്കും അടുത്തിടെ സമാനമായ ദുരനുഭവം ഉണ്ടായതായി അവർ വെളിപ്പെടുത്തി.
കൊല്ലത്തെ ഒരു സ്കൂളിൽ നടന്ന പൊതുചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ഒരു ഓൺലൈൻ ചാനൽ തന്റെ മുഖം ഒഴിവാക്കി ശരീരഭാഗങ്ങൾ മാത്രം കേന്ദ്രീകരിച്ച് ദൃശ്യങ്ങൾ പകർത്തിയതായി മന്ത്രി പറഞ്ഞു. പിന്നീട് ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായും അവർ ആരോപിച്ചു.
സ്ത്രീകളുടെ ശരീരത്തെ മാത്രം കേന്ദ്രീകരിച്ച് ദൃശ്യങ്ങൾ ചിത്രീകരിക്കുകയും അവയെ ദുർവ്യാഖ്യാനം ചെയ്യുകയും ചെയ്യുന്ന ചില ഓൺലൈൻ മാധ്യമങ്ങളെയും യൂട്യൂബ് ചാനലുകളെയും സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ബിന്ദു കൃഷ്ണ വ്യക്തമാക്കി.
"ഒരു സ്ത്രീയായിട്ടല്ല, ഒരു വ്യക്തിയായിട്ടെങ്കിലും കാണേണ്ടതല്ലേ? മനുഷ്യർക്ക് എങ്ങനെയാണ് മറ്റൊരാളെ ഇത്തരത്തിൽ കാണാൻ കഴിയുന്നതെന്ന് മനസ്സിലാകുന്നില്ല. സെലിബ്രിറ്റികൾ പങ്കെടുക്കുന്ന പൊതുപരിപാടികളിൽ ഇത്തരം ക്യാമറാ അതിക്രമങ്ങൾ പതിവായി നടക്കുന്നതാണ്," മന്ത്രി പറഞ്ഞു.
ഇത്തരം സംഭവങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലെ സ്വകാര്യത ലംഘിക്കുന്ന പ്രവണതകൾ തടയാൻ പുതിയ നിയമനിർമ്മാണത്തിന്റെ സാധ്യത സർക്കാർ ഗൗരവമായി പരിഗണിച്ചുവരികയാണെന്നും അവർ കൂട്ടിച്ചേർത്തു.






