
പഠാൻ: ഗുജറാത്തിലെ പഠാൻ ജില്ലയിൽ അയ്യായിരം രൂപയുടെ കടബാധ്യതയെച്ചൊല്ലി മുപ്പത്തിയഞ്ചുകാരിയായ വിധവയെ പലിശക്കാരൻ തീ കൊളുത്തിക്കൊന്നു. പഠാനിലെ ഖൽകാപുര പ്രദേശത്താണ് മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. രണ്ട് കുട്ടികളുടെ അമ്മയായ പിങ്കിബെൻ പട്നിയാണ് കൊല്ലപ്പെട്ടത്.
പണം തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് പലിശക്കാരൻ യുവതിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി ശരീരത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.വീട്ടുചെലവുകൾക്കായി പ്രതിയായ ബാബുഭായ് റാവലിൽ നിന്ന് യുവതി പണം കടം വാങ്ങിയിരുന്നുവെങ്കിലും ഇത് തിരിച്ചടയ്ക്കാൻ ഇവർ ബുദ്ധിമുട്ടിയിരുന്നു എന്നാണ് പ്രാഥമിക വിവരം. തുടർന്ന് പ്രതി ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും പെട്രോളൊഴിച്ച് തീ കൊളുത്തുകയുമായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ ഇവരെ ഉടൻ തന്നെ ധാർപൂർ സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മരണത്തിന് മുൻപ് പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഏഴ് വർഷം മുൻപ് വാഹനാപകടത്തിൽ ഭർത്താവ് മരിച്ചതിനെ തുടർന്ന് പിങ്കിബെൻ തനിച്ചാണ് രണ്ട് കുട്ടികളെ വളർത്തിയിരുന്നത്. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് യുവതിയുടെ കുടുംബം പോലീസിനോട് ആവശ്യപ്പെട്ടു.






