
ബോളിവുഡ് താരം കരീന കപൂറും കുടുംബവും ഗ്രീസില്‍ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ഈജിയന്‍ കടലില്‍ നീന്തുന്നതും സ്വകാര്യ യാട്ടില്‍ സമയം ചെലവഴിക്കുന്നതുമായ ചിത്രങ്ങളാണ് താരം തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്. വെള്ള ബിക്കിനി ധരിച്ചുള്ള ചിത്രങ്ങള്‍ക്കൊപ്പം 'ഞാനും ഈജിയന്‍ കടലും മാത്രം' എന്നാണ് കരീന കുറിച്ചത്.

യാത്രയുടെ കൃത്യമായ ലൊക്കേഷന്‍ ദമ്പതികള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇരുവരും ഗ്രീസിലാണെന്നാണ് ആരാധകരുടെ നിഗമനം. കടലില്‍ നീന്തിയ ശേഷം കരയിലേക്ക് കയറി വരുന്ന ഭര്‍ത്താവും നടനുമായ സെയ്ഫ് അലി ഖാന്റെ ചിത്രവും കരീന പങ്കുവെച്ചിട്ടുണ്ട്. വേനല്‍ക്കാലം നന്നായി മുന്നോട്ട് പോകുന്നു എന്ന അടിക്കുറിപ്പോടെയാണ് കരീന ഈ ചിത്രം പോസ്റ്റ് ചെയ്തത്. ഒപ്പം 'ഹോട്ട് ഹസ്ബന്റ്' എന്ന ഹാഷ് ടാഗും താരം ചേര്‍ത്തിട്ടുണ്ട്.
മറ്റൊരു ചിത്രത്തില്‍ മേക്കപ്പ് ഒന്നുമില്ലാത്ത സ്വാഭാവിക ലുക്കിലാണ് കരീന എത്തിയത്. ബന്ദാനയും അതിനൊപ്പം നീല വരകളുളള ഷര്‍ട്ടും ധരിച്ചുളള സെല്‍ഫികളാണ് താരം പങ്കുവെച്ചത്. 'നിങ്ങള്‍ക്ക് കാണാനാകുന്നതുപോലെ എനിക്ക് ഈ ബന്ദാന വളരെ ഇഷ്ടപ്പെട്ടു' എന്ന് താരം ഈ ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പായി എഴുതിയിട്ടുണ്ട്.
2008-ല്‍ പുറത്തിറങ്ങിയ 'തഷാന്‍' എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് പ്രണയത്തിലായ സൈഫും കരീനയും 2012 ഒക്ടോബര്‍ 16-നാണ് വിവാഹിതരായത്. തൈമൂര്‍, ജഹാംഗീര്‍ എന്നിവരാണ് ഇവരുടെ മക്കള്‍.
രോഹിത് ഷെട്ടി സംവിധാനം ചെയ്ത 'സിങ്കം എഗെയ്ൻ', ഹൻസൽ മേത്തയുടെ 'ദി ബക്കിംഗ്ഹാം മർഡേഴ്സ്' എന്നിവയാണ് കരീനയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. പ്രശസ്ത സംവിധായിക മേഘ്‌ന ഗുൽസാർ ഒരുക്കുന്ന 'ദായര' എന്ന ചിത്രമാണ് കരീനയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. നടൻ പൃഥ്വിരാജ് സുകുമാരനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.







Comments