
കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രധാനപ്രതി സുനില്‍ കുമാര്‍ വാഹനത്തിനുള്ളില്‍ വെച്ച് തന്റെ ഫോണില്‍ പകര്‍ത്തിയ നടിയുടെ ദൃശ്യങ്ങള്‍ കൂട്ടുകാരെ കാണിച്ചതായി പോലീസ്. ഇതിന്റെ അടിസ്ഥാനത്തില്‍ സുനിയുടെ കൂട്ടുകാരെ കേസില്‍ സാക്ഷികളാക്കാന്‍ പോലീസ് ആലോചിക്കുകയാണ്. അതേസമയം ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.
കേസില്‍ കൂടുതല്‍ വിവരം കിട്ടാന്‍ സുനിയേയും കൂട്ടാളി വിജേഷിനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പോലീസ് ആലോചിക്കുന്നതായി വിവരമുണ്ട്. അതിശക്തമായ മാഫിയയുമായി സുനിക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിലും അന്വേഷണത്തിനിടയില്‍ സുനി മൊഴിമാറ്റിപ്പറയുന്നതായും ഉറപ്പായ സാഹചര്യത്തിലാണ് നുണപരിശോധനയ്ക്ക് അനുമതി തേടിയത്.
കൊച്ചി ഗോശ്രീ പാലത്തില്‍ നിന്നും ഫോണ്‍ കായിലിലേക്ക് വലിച്ചെറിഞ്ഞെന്ന് സുനി പോലീസിനോട് ഒടുവില്‍ പറഞ്ഞിരിക്കുന്നത്. പല തവണ മൊഴി മാറ്റിയ സുനിയുടെ അവസാന മൊഴിയില്‍ ഊന്നി അന്വേഷണം ദൃശ്യങ്ങള്‍ കണ്ടെടുക്കാതെ തന്നെ അവസാനിപ്പിക്കാനാണ് പോലീസ് ഒരുങ്ങുന്നത്.
അതേ സമയം സുനി ഫോണ്‍ വലിച്ചെറിഞ്ഞെന്ന വാദത്തെ ന്യായീകരിക്കുന്ന സമീപത്തെ കടയുടമയുടെ മൊഴി അന്വേഷണ സംഘം എടുത്തിട്ടുണ്ട്. ഇതിന് പുറമേ സുനിയുടേയും നടിയുടേയും ശരീരത്തില്‍ നിന്നെടുത്ത സ്രവങ്ങളുടെ സ്വാബ് പരിശോധനയില്‍ നടിയെ ഉപദ്രവിച്ചത് സുനി തന്നെയാണെന്ന് വ്യക്തമായിട്ടുള്ളതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.






