
ന്യൂഡൽഹി: സമരം അവസാനിപ്പിക്കാമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വാക്കുമാറിയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. താനും രാഹുൽ ഗാന്ധിയും തമ്മിലുള്ള സംഭാഷണത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്. രാഹുൽ ഗാന്ധി ഉന്നയിച്ച ആവശ്യം കേന്ദ്രം അംഗീകരിച്ചപ്പോൾ മറ്റൊരു ആവശ്യം ഉന്നയിക്കുകയായിരുന്നു എന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രിയായ സിംഗ് പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ, പ്രിയങ്ക ഗാന്ധി തുടങ്ങിയ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടന്നത് എന്നതിനാൽ പ്രതിഷേധക്കാരോട് സംസാരിക്കാൻ സർക്കാർ തന്നെയും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനെയും അയച്ചിരുന്നു എന്ന് യോഗത്തിൽ സംഭവിച്ചവ വിവരിച്ചുകൊണ്ട് സിംഗ് ഒരു എക്സ് പോസ്റ്റിലൂടെ പറഞ്ഞു, നീറ്റും മറ്റ് ചോദ്യപേപ്പർ ചോർച്ചകളും അതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യാൻ സർക്കാർ സമ്മതിച്ചാൽ ധർണ്ണ പിൻവലിക്കുമെന്നാണ് രാഹുൽ ഗാന്ധി തന്നോട് പറഞ്ഞത്. എന്നാൽ ഈ ആവശ്യം അംഗീകരിച്ചെങ്കിലും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി കൂടി വേണമെന്ന് രാഹുൽ ഗാന്ധി പിന്നീട് പുതിയ ഉപാധി മുന്നോട്ടുവെക്കുകയായിരുന്നു.
സർക്കാരിന്റെ സന്ദേശം കൈമാറിയപ്പോൾ, താൻ ഇത് മാത്രം അംഗീകരിക്കില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി കൂടി ഉറപ്പുനൽകണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടതായും സിംഗ് തന്റെ പോസ്റ്റിൽ പറയുന്നു. "ഇപ്പോൾ എനിക്ക് രണ്ട് ആവശ്യങ്ങളാണുള്ളത്: പാർലമെന്റിലെ ചർച്ചയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും എന്ന് അദ്ദേഹം പറഞ്ഞു. ആദ്യം ചർച്ച ആവശ്യപ്പെട്ട കാര്യം ഓർമ്മിപ്പിച്ചപ്പോൾ, ഇപ്പോൾ തന്റെ ആവശ്യങ്ങൾ മാറിയിരിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്," സിംഗ് കുറിച്ചു.
"ഒരു മുതിർന്ന നേതാവ് ഇത്ര പെട്ടെന്ന് വാക്കുകളിൽ നിന്ന് പിന്മാറുന്നത് അദ്ദേഹത്തിന് ചേർന്നതല്ല എന്ന് വിനയപൂർവ്വം വിശദീകരിക്കാൻ ശ്രമിച്ചപ്പോൾ, അത് തന്റെ അവകാശമാണെന്നാണ് അദ്ദേഹം മറുപടി നൽകിയത്. ഈ പ്രദേശം ധർണ്ണയ്ക്ക് അനുയോജ്യമല്ലെന്ന് ആഭ്യന്തര സെക്രട്ടറി വിശദീകരിക്കാൻ ശ്രമിച്ചപ്പോൾ, തനിക്ക് ഇഷ്ടമുള്ള എവിടെയും ഇരിക്കുക എന്നത് തന്റെ അവകാശമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം," സിംഗ് കൂട്ടിച്ചേർത്തു.
"രാഹുൽ ഗാന്ധിയെപ്പോലെയുള്ള ഒരു മുതിർന്ന നേതാവും പ്രതിപക്ഷ നേതാവും വാക്ക് മാറ്റുന്നത് ദൗർഭാഗ്യകരവും ജനാധിപത്യ മര്യാദകൾക്ക് നിരക്കാത്തതുമാണ്," അദ്ദേഹം പറയുന്നു.







Comments