
കോട്ടയം: എംജി സർവകലാശാലയിൽ പാറ്റയുടെ ചിത്രമുള്ള ഫ്ലക്സിനെ ചൊല്ലി വിവാദം. സർവകലാശാല യൂണിയൻ സംഘടിപ്പിക്കുന്ന നാഷണൽ കോൺഫറൻസിന്റെ പ്രചാരണത്തിനായി സ്ഥാപിച്ച ഫ്ലക്സാണ് തർക്കത്തിന് ഇടയാക്കിയത്.
സർവകലാശാല ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പരിപാടികളിൽ രാഷ്ട്രീയ സന്ദേശങ്ങൾ അനുവദിക്കാനാകില്ലെന്നാണ് വൈസ് ചാൻസലറുടെ നിലപാട്. ഫ്ലക്സ് എത്രയും വേഗം നീക്കം ചെയ്യണമെന്ന് വി.സി നിർദേശിച്ചു.
എന്നാൽ ഫ്ലക്സിൽ രാഷ്ട്രീയമില്ലെന്നും ഡൽഹിയിൽ സമരം നടത്തിയ വിദ്യാർഥികളോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായാണ് അത് സ്ഥാപിച്ചതെന്നും സർവകലാശാല യൂണിയൻ വ്യക്തമാക്കി. യാതൊരു സാഹചര്യത്തിലും ഫ്ലക്സ് നീക്കില്ലെന്നും യൂണിയൻ നിലപാട് കടുപ്പിച്ചു.
കേന്ദ്രസർക്കാരിന് പിന്നാലെ എംജി സർവകലാശാല വൈസ് ചാൻസലർക്കും പാറ്റയെ പേടിയാണെന്ന് യൂണിവേഴ്സിറ്റി ചെയർമാൻ അഭിനവ് എം പ്രതികരിച്ചു. വി.സിയുടെ നിർദേശം അംഗീകരിക്കില്ലെന്നും ക്യാമ്പസിൽ കൂടുതൽ ഫ്ലക്സുകൾ സ്ഥാപിക്കുമെന്നും യൂണിയൻ നേതൃത്വം അറിയിച്ചു.
അതേസമയം, പാറ്റയുടെ ചിത്രമുള്ള ഫ്ലക്സുകൾക്ക് വിലക്കേർപ്പെടുത്തിയതിനെതിരെ എസ്.എഫ്.ഐയും പ്രതിഷേധവുമായി രംഗത്തെത്തി. ക്യാമ്പസിൽ കൂടുതൽ പാറ്റ ബോർഡുകൾ സ്ഥാപിച്ചുകൊണ്ടായിരിക്കും പ്രതിഷേധമെന്ന് സംഘടന അറിയിച്ചു.







Comments