
ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 12 ലെത്തി. രണ്ട് സ്വര്‍ണവും ഏഴ് വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇതുവരെയുള്ള നേട്ടം.
35 സ്വര്‍ണവും 18 വെള്ളിയും 28 വെങ്കലവും അടക്കം 81 മെഡലുകള്‍ നേടിയ ഓസ്ട്രേലിയ തലപ്പത്ത് തുടരുകയാണ്. കാനഡ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 13 സ്വര്‍ണവും 11 വെള്ളിയും 12 വെങ്കലവും അടക്കം 36 മെഡലുകളാണ് അവര്‍ നേടിയത്. മൂന്നാം സ്ഥാനത്തേക്കു താണ ഇംഗ്ലണ്ടിന് 44 മെഡലുകളാണ് (10 സ്വര്‍ണവും 19 വെള്ളിയും 15 വെങ്കലവും). ഇന്നലെ പുരുഷന്മാരുടെ 10,000 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ ഗുല്‍വീര്‍ സിങ് വെള്ളി സ്വന്തമാക്കി. ഈയിനത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും ഗുല്‍വീര്‍ സ്വന്തം പേരില്‍ കുറിച്ചു. മഴയില്‍ കുതിര്‍ന്ന ട്രാക്കിലായിരുന്നു മത്സരം. 27 മിനിറ്റ് 49.78 സെക്കന്‍ഡിലാണു താരം വെള്ളി നേടിയത്. കഴിഞ്ഞ വര്‍ഷം കുറിച്ച 27 മിനിറ്റ് 14.88 സെക്കന്ഡിലേക്കെത്താന് താരത്തിനായി. റേസിന്റെ ആദ്യ 3000 മീറ്റര്‍ ഊര്‍ജം സൂക്ഷിക്കാന്‍ പതുക്കെയോടി. 6000 മീറ്റര്‍ പിന്നിട്ടപ്പോള്‍ ഒന്‍പതാമനായിരുന്നു. 8000 മീറ്റര്‍ എത്തിയപ്പോഴേക്കും ആറിലെത്തി. ആഫ്രിക്കന്‍ താരങ്ങളുടെ മുന്നേറ്റത്തില്‍ പകയ്ക്കാതെ ഗുല്‍വീര്‍ ആദ്യം നാലിലും പിന്നീട് മൂന്നിലുമെത്തി. ഫിനിഷിങ് ലൈനിന് 150 മീറ്റര്‍ അകലെ മിന്നലായി. ഓസ്ട്രേലിയയുടെ കി റോബിന്‍സണ്‍ 27 മിനിറ്റ് 48.93 സെക്കന്‍ഡില്‍ സ്വര്‍ണവും ഈസ് ഓഫ് മാനിന്റെ ഡേവിഡ് മാലാര്കി 27 മിനിറ്റ് 50.28 സെക്കന്‍ഡില്‍ വെങ്കലവും നേടി. ലോക ചാമ്പ്യന്‍ഷിപ്പിലെ മെഡല്‍ ജേതാക്കളായ കെനിയയുടെ ഡാനിയേല്‍ എബെന്യോ, യുഗാണ്ടയുടെ ഓസ്കാര്‍ ചെലിമോ, കെനിയയുടെ തന്നെ എഡ്വിന് കുഗ്രാറ്റ് എന്നിവര്‍ക്ക് ആദ്യ മൂന്നിലെത്താനായില്ല. സൈനികനായ ഗുല്‍വീര്‍ സ്കോട്ട് സിമ്മണ്‍സിന്റെ ശിക്ഷണത്തില്‍ യു.എസിലെ കൊളറാഡോ സ്പ്രിങ്സിലാണു പരിശീലിച്ചത്. 28 വയസുകാരനായ ഗുല്‍വീര്‍ ഉത്തര്‍പ്രദേശിലെ അട്രൗലി ജില്ലയിലെ സിര്‍സ സ്വദേശിയാണ്. 2023 ലെ ദേശീയ ഗെയിംസ് മുതല്‍ 3000 മീറ്റര്‍, 5000 മീറ്റര്‍, 10,000 മീറ്റര്‍, 25 കിലോ മീറ്റര്‍ വിഭാഗങ്ങളിലെ ദേശീയ റെക്കോഡ് ഗുല്‍വീറിന്റെ പേരിലാണ്.







Comments