
തിരുവനന്തപുരം: മിന്നല് പ്രളയങ്ങള് പ്രവചിക്കുന്നതില് കാലാവസ്ഥ വകുപ്പിന് പരിമിതികളുണ്ടെന്ന് മന്ത്രി എ പി അനില് കുമാര്. അതേസമയം ഏത് അലേര്ട്ട് വന്നാലും നേരിടാനുള്ള മുന്നൊരുക്കങ്ങള് നടത്തിയിട്ടുണ്ട്. ഗ്രീന് അലേര്ട്ട് ആണെങ്കില് പോലും എന്തിനേയും നേരിടാന് സര്ക്കാര് സംവിധാനങ്ങള് സജ്ജരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിലെ അടിയന്തര സാഹചര്യങ്ങള് നേരിടാന് പൂര്ണമായി തയ്യാറെന്നും ക്ലീനിങ് ഉള്പ്പെടെയുള്ള പ്രവര്ത്തനങ്ങള് യുദ്ധകാലടിസ്ഥാനത്തില് തന്നെ തീര്ക്കാന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്ഡിആര്എഫ് സംഘങ്ങളും കൂടുതല് പൊലീസ് സംഘവും ഇവിടെ എത്തിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്ത്തനങ്ങള് മന്ത്രി പി സി വിഷ്ണുനാഥിന്റെ നേതൃത്വത്തില് നടക്കുകയാണെന്നും റവന്യൂ മന്ത്രി കൂട്ടിച്ചേര്ത്തു. സമീപ ജില്ലകളില് നിന്ന് കൂടുതല് മത്സ്യബന്ധന ബോട്ടുകളും ആറന്മുള, റാന്നി മേഖലകളിലേക്ക് എത്തിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പത്തനംതിട്ടയിലെ സാഹചര്യങ്ങള് വിലയിരുത്താന് കോഴഞ്ചേരി റെസ്റ്റ് ഹൗസില് മന്ത്രി പി സി വിഷ്ണുനാഥിന്റെ നേതൃത്വത്തില് അടിയന്തരയോഗം ചേര്ന്നു. ആറന്മുള എംഎല്എ അബിന് വര്ക്കി ഉള്പ്പെടെയുള്ള ജനപ്രതിനിധികള് യോഗത്തില് പങ്കെടുത്തു. പമ്പയില് ജലനിരപ്പ് ഉയരുന്നത് അടിയന്തര സാഹചര്യമാണെന്നാണ് വിലയിരുത്തല്. കൊല്ലത്ത് നിന്ന് കൂടുതല് മത്സ്യബന്ധനബോട്ടുകള് എത്തിക്കാന് സാധിച്ചിട്ടുണ്ട്. ജനങ്ങള് അധികൃതരുടെ കൃത്യമായ നിര്ദേശങ്ങള് പാലിക്കാന് തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നതു കാരണം ആറൻമുളയിലേക്ക് കൂടുതൽ വെള്ളമെത്തും. ബാധിത പ്രദേശങ്ങളിൽ നിന്ന് എല്ലാവരും ക്യാമ്പുകളിലേക്ക് മാറണം. ഗുരുതര സാഹചര്യമാണിതെന്നും അബിൻ വർക്കി എംഎൽഎ പറഞ്ഞു.







Comments