
തിരുവനന്തപുരം : കര്‍ക്കിടക വാവുബലി ദിനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളിലും കടവുകളിലും ബലിതര്‍പ്പണം നടത്തി ലക്ഷക്കണക്കിനു ഭക്തര്‍. നൂറിലേറെ ക്ഷേത്രങ്ങളിലും ബലി കടവുകളിലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ബലിതര്‍പ്പണത്തിനു സൗകര്യങ്ങള്‍ ഒരുക്കിയിരുന്നത്. തിരുവനന്തപുരം പരശുരാമസ്വാമി ക്ഷേത്രത്തില്‍ മുപ്പത്തിരണ്ടായിരത്തിലേറെ പേരും വര്‍ക്കല പാപനാശം കടപ്പുറത്ത് മുപ്പതിനായിരത്തിലേറെ പേരും, കൊല്ലം തിരുവില്ലാവാരം കടപ്പുറത്ത് നാല്‍പ്പത്തി എണ്ണായിരത്തിലേറെ പേരും ആലുവ മണപ്പുറത്ത് മുപ്പതിനായിരം പേരും ശംഘുമുഖം കടപ്പുറത്ത് ആറായിരത്തിലേറെ പേരും മറ്റ് നൂറുകണക്കിന് ക്ഷേത്രങ്ങളിലും ബലി കടവുകളിലുമായി ലക്ഷണത്തിനു ഭക്തരാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ നിര്‍ഹിച്ചത്. പുലര്‍ച്ചെ രണ്ടിനു ചടങ്ങുകള്‍ ആരംഭിച്ചു. ഭക്തര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ആയിരത്തിലേറെ ജീവനക്കാരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിവിധ കേന്ദ്രങ്ങളിലായി സ്പെഷല്‍ ഡൂട്ടിക്ക് നിയോഗിച്ചിരുന്നു.
പ്രധാന കേന്ദ്രങ്ങളിലേക്ക് വിവിധ ഇടങ്ങളില്‍നിന്നും കെ.എസ്.ആര്.ടി.സി. സര്‍വീസുകളും ഭക്തരുടെ സൗകര്യാര്‍ഥം ക്രമീകരിച്ചിരുന്നു. തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ നേരിട്ടെത്തി സൗകര്യങ്ങള്‍ വിലയിരുത്തി.
ആലുവ മണപ്പുറത്ത് ആയിരങ്ങള്‍
ആലുവ: കര്‍ക്കിടക വാവുബലി ദിനത്തില്‍ പിതൃമോക്ഷ കര്‍മങ്ങള്‍ക്കായി ആലുവ മണപ്പുറത്തേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍. പെരിയാര്‍ തീരത്തെ 40 താല്‍ക്കാലിക ബലിത്തറകളില്‍ പുലര്‍ച്ചെ ആരംഭിച്ച ബലിതര്‍പ്പണം ഉച്ചകഴിഞ്ഞു മൂന്നുവരെ നടന്നു. ആലുവ മഹാദേവ ക്ഷേത്രത്തില്‍ പുലര്‍ച്ചെ അഞ്ചോടെ മേല്‍ശാന്തി മുല്ലപ്പള്ളി ശങ്കരന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ പ്രത്യേക ചടങ്ങുകള്‍ നടന്നു. ക്ഷേത്രദര്‍ശനത്തിനായി ഒരേസമയം അഞ്ഞൂറോളം പേര്‍ക്ക് വരിനില്ക്കാവുന്ന പ്രത്യേക പന്തല്‍ ഒരുക്കിയിരുന്നു. വഴിപാടുകള്‍ക്കുള്ള തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ കൗണ്ടറുകളും തുറന്നിരുന്നു.
രണ്ടു ദിവസമായി മഴ മാറിനിന്നതും പെരിയാറില്‍ ജലനിരപ്പ് ഉയരാത്തതിനാല്‍ പുഴയില്‍ തന്നെ ബലിതര്‍പ്പണം നടത്താന്‍ സാധിച്ചതും ഭക്തര്‍ക്ക് ആശ്വാസമായി.
തിരക്ക് കണക്കിലെടുത്ത് ദേശീയപാതയിലും ആലുവ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിരുന്നു. സുരക്ഷയ്ക്കായി അഞ്ഞൂറോളം പോലീസുകാരെയും വിന്യസിച്ചു. ആലുവ അദൈ്വതാശ്രമത്തിലും ബലിതര്‍പ്പണം നടന്നു.
ഇടപ്പാടി ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രം
പാലാ: ഇടപ്പാടി ആനന്ദഷണ്മുഖസ്വാമി ക്ഷേത്രത്തില്‍ കര്‍ക്കിടകവാവ് ദിനത്തില്‍ നടന്ന പിതൃതര്‍പ്പണം ഭക്തിസാന്ദ്രം. മേല്‍ശാന്തി വൈക്കം സനീഷ് ശാന്തിയുടെ കാര്‍മികത്വത്തില്‍ പുലര്‍ച്ചെ മുതല്‍ ചടങ്ങുകള്‍ നടന്നു. ആയിരക്കണക്കിനു ഭക്തര്‍ തിലോദകം സമര്‍പ്പിച്ച് പിതൃക്കളുടെ ആത്മശാന്തിക്കായി പ്രാര്‍ഥിച്ചു.
വിഷ്ണുക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍ ക്ഷേത്രത്തിനു പിന്നിലെ രണ്ടേക്കര്‍ മൈതാനത്താണ് പിതൃതര്‍പ്പണത്തിനു സൗകര്യം ഒരുക്കിയിരുന്നത്. കര്‍ക്കിടകവാവ് ദിനത്തിലെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ ഭക്തര്‍ക്ക് ഒരേസമയം ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിയുന്ന തരത്തിലായിരുന്നു ക്രമീകരണങ്ങള്‍.







Comments