
കോട്ടയം: കൂട്ടായ്‌മയിലൂടെയും സാഹോദര്യത്തിലൂടെയും ക്രൈസ്‌തവസാക്ഷ്യം നല്‍കുന്ന ക്‌നാനായ സമുദായത്തിന്റെ പ്രേഷിതസ്വഭാവം അഭംഗുരം തുടര്‍ന്നുകൊണ്ടുപോകുമെന്നു കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. തെക്കുംഭാഗ ജനതയ്‌ക്കായി ഇന്‍ യൂണിവേഴ്‌സി ക്രിസ്‌ത്യാനി എന്ന തിരുവെഴുത്തുവഴി 1911 ഓഗസ്‌റ്റ് 29 നു വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പ കോട്ടയം വികാരിയാത്ത് സ്‌ഥാപിച്ചതിന്റെ 115-ാമത് അതിരൂപതാതല ആഘോഷങ്ങള്‍ തെള്ളകം ചൈതന്യ പാസ്‌റ്ററല്‍ സെന്ററില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോട്ടയം അതിരൂപത നിയുക്‌ത സഹായമെത്രാന്‍ മാര്‍ തോമസ് ആനിമൂട്ടില്‍ പതാക ഉയര്‍ത്തിയതോടെയാണു ദിനാഘോഷങ്ങള്‍ക്കു തുടക്കമായത്. കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ സ്വാഗതം ആശംസിച്ചു. കഴിഞ്ഞ അതിരൂപതാദിനത്തിനുശേഷമുള്ള അജപാലനപ്രവര്‍ത്തനങ്ങളുടെ ഹ്രസ്വവിവരണം പാസ്‌റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട് അവതരിപ്പിച്ചു.
വിവിധ മേഖലകളില്‍ ദേശീയ-സംസ്‌ഥാന- യൂണിവേഴ്‌സിറ്റി തലങ്ങളില്‍ അംഗീകാരം നേടിയവരും സഭാതലത്തില്‍ മികവിനു പുരസ്‌കാരം ലഭിച്ചവരുമായ അതിരൂപതാംഗങ്ങളെ ആദരിച്ചു. ബറുമറിയം പാസ്‌റ്ററല്‍ സെന്റര്‍ ഡയറക്‌ടര്‍ ഫാ. ജോയി കട്ടിയാങ്കല്‍ അവാര്‍ഡിന് അര്‍ഹരായവരെ പരിചയപ്പെടുത്തി. പാസ്‌റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സാബു കരിശേരിക്കല്‍, സമര്‍പ്പിത സമൂഹ പ്രതിനിധി സിസ്‌റ്റര്‍ സൗമി എസ്.ജെ.സി, കെ.സി.സി. വൈസ് പ്രസിഡന്റ് ടോം കരികുളം, കെ.സി.ഡബ്ല്യു.എ. പ്രസിഡന്റ് ഷൈനി ചൊള്ളമ്പേല്‍, കെ.സി.വൈ.എല്‍. പ്രസിഡന്റ് ജാക്‌സണ്‍ മണപ്പാട്ട്, പ്രസ്‌ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. അബ്രഹാം പറമ്പേട്ട് എന്നിവര്‍ പ്രസംഗിച്ചു.
അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം, കൂരിയാ അംഗങ്ങള്‍, ഫൊറോന വികാരിമാര്‍, അതിരൂപതയിലെ വൈദികര്‍, സമര്‍പ്പിത സമൂഹങ്ങളുടെ കൗണ്‍സില്‍ പ്രതിനിധികള്‍, പാസ്‌റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, സമുദായ സംഘടനകളുടെയും ഭക്‌തസംഘടനകളുടെയും കേന്ദ്ര-റീജണല്‍ ഭാരവാഹികള്‍, ഇടവകയില്‍നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടികളില്‍ പങ്കെടുത്തു.







Comments