
വെട്ടിക്കല്‍/മുളന്തുരുത്തി: മുളന്തുരുത്തി സുന്നഹദോസിന് 150 വയസ് പൂര്‍ത്തിയാകുന്ന വേളയില്‍ അതേ മണ്ണില്‍ സമ്മേളിക്കുന്ന മലങ്കര നസ്രാണി പള്ളിയോഗം മലങ്കരസഭയുടെ രണ്ടാം മുളന്തുരുത്തി സുന്നഹദോസാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. മലങ്കര സുറിയാനി ക്രിസ്‌ത്യാനി അസോസിയേഷന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മലങ്കരസഭാധ്യക്ഷന്‍. ഒന്നര നൂറ്റാണ്ട് മുന്‍പ് മലങ്കരസഭയില്‍ ആദ്യ ദിവ്യമൂറോന്‍ കൂദാശ നടന്ന അതേദിവസം തന്നെ സഭയുടെ പാര്‍ലമെന്റ് സമ്മേളിക്കാനായി എന്നത് ചരിത്ര നിയോഗമാണ്. പരിശുദ്ധ പരുമല തിരുമേനിയുടെ ജന്‍മനാട്ടില്‍ ആ പുണ്യപിതാവിന്റെ മെത്രാഭിഷേകത്തിന്റെ 150ാം വാര്‍ഷിക വേളയിലാണ് മലങ്കര നസ്രാണികള്‍ സംഗമിച്ചിരിക്കുന്നത്.
മലങ്കരസഭയില്‍ ശാശ്വത സമാധാനം ഉണ്ടാകണം. എന്നാല്‍ അത് ഇന്നും ഒരു മരീചികയായി തുടരുന്നു. വിഭജനം സൃഷ്‌ടിക്കുന്ന മുറിവും വേദനയും ആഴമേറിയതാണ്. സഭയ്‌ക്ക് സ്വാഭാവികമായി ലഭിച്ച നീതിയും ന്യായവും ഇല്ലാതെയാക്കുവാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ കുറേക്കാലങ്ങളായി നടക്കുന്നു. മലങ്കര നസ്രാണികളുടെ ആത്മാഭിമാനം ആവര്‍ത്തിച്ച് വ്രണപ്പെടുന്നു.
എങ്കിലും ഭരണാധിപന്‍മാര്‍ നീതി പ്രവര്‍ത്തിക്കും എന്ന പ്രത്യാശയാണ് സഭയ്‌ക്കുള്ളത്. 2017 -ലെ സുപ്രീംകോടതി വിധിയും 1934 ലെ സഭാ ഭരണഘടനയും ഉപേക്ഷിച്ചുള്ള ഒത്തുതീര്‍പ്പുകള്‍ക്ക് പ്രസക്‌തിയില്ല. സമാധാന - മധ്യസ്‌ഥ ശ്രമങ്ങള്‍ക്ക് എന്നും തയാറാണ്.
എന്നാല്‍ അതിന്റെ പേരില്‍ സഭയ്‌ക്ക് ലഭിച്ച സ്വാതന്ത്ര്യവും നീതിപൂര്‍വ്വമായ അവകാശവും ബലി കഴിച്ച് ഒരു തലമുറയെക്കൂടി വ്യവഹാരത്തിന്റെ തീയിലേക്ക് ഇട്ടുകൊടുക്കാന്‍ ഒരുക്കമല്ലെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.സാമ്പത്തികവും, സാമൂഹികവുമായ നിരവധി വെല്ലുവിളികളെയാണ് നാട് നേരിടുന്നത്. മലയോര മേഖലകളിലെ മണ്ണിടിച്ചിലും, താഴ്‌ന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്കവും മനുഷ്യജീവിതത്തെ ദുസഹമാക്കുന്നു. പശ്‌ചിമേഷ്യന്‍ രാജ്യങ്ങളിലെ സംഘര്‍ഷങ്ങള്‍ മൂലം നിരവധിയാളുകള്‍ക്ക് തൊഴില്‍ നഷ്‌ടമാകുകയാണ്. കുടുംബബന്ധങ്ങളില്‍ ശിഥിലീകരണം വര്‍ധിക്കുന്നു. ഏകാന്തതയുടെ പ്രതിസന്ധികള്‍ അനുഭവിക്കുന്ന വയോജനങ്ങളെ നാം കരുതേണ്ടതുണ്ട്. ഭാരിച്ച ചികിത്സാച്ചെലവുകള്‍ പലര്‍ക്കും താങ്ങാനാവുന്നില്ല. മയക്കുമരുന്നുകളുടെ ഉപയോഗം മൂലം കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. ഇത്തരത്തില്‍ എണ്ണിയാലൊടുങ്ങാത്ത തകര്‍ച്ചകളില്‍ നിന്ന് കരകയറാന്‍ വിവിധ കര്‍മ്മപദ്ധതികള്‍ സഭയില്‍ അനിവാര്യമാണ്. കാലത്തിന്റെ വെല്ലുവിളികളെ തിരിച്ചറിഞ്ഞുള്ള ഇടയശുശ്രൂഷയ്‌ക്ക് ഏവരും പ്രതിജ്‌ഞാബദ്ധരാണെന്നും മലങ്കരസഭാധ്യക്ഷന്‍ ഓര്‍മ്മിപ്പിച്ചു.







Comments