
കൊളംബോ: ശ്രീലങ്കയ്ക്കെതിരേ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ റണ്ണൗട്ടയതില് വിവാദം. 11-ാം ഓവറിലെ അവസാന പന്തിലാണ് സംഭവം. കെഷാര നുവാന്ത എറിഞ്ഞ പന്തില്‍ സിംഗിളെടുക്കാനായിരുന്നു രാഹുലിന്റെ ശ്രമം. മിഡ് ഓണിലേക്ക് ഷോട്ടടിച്ച രാഹുല്‍ ഓടി. പന്ത് തടയാന്‍ ശ്രമിച്ച നുവാന്തയും ജയ്സ്വാളുമായി കൂട്ടിയിടിച്ചു. അതോടെ ജയ്സ്വാള്‍ മൈതാനത്ത് വീണു. താരത്തിന് ആദ്യഘട്ടത്തില്‍ ഓടാനായില്ല. എഴുന്നേറ്റു വന്ന് ഓടാന്‍ ശ്രമിച്ചു. പന്തെടുത്ത പ്രഭാത് ജയസൂര്യ പന്ത് വിക്കറ്റ് കീപ്പര്‍ക്ക് കൈമാറി. തിരിഞ്ഞോടാന്‍ ജയ്സ്വാള്‍ ശ്രമിച്ചു. അപ്പാഴേയ്ക്കും രാഹുല്‍ നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡില്‍ എത്തി. രണ്ടുപേരും ഒരേ ക്രീസില്‍ ബാറ്റ് കുത്തി. ആദ്യം ക്രീസിലെത്തിയ രാഹുല്‍ രക്ഷപ്പെട്ടു. ജയ്സ്വാള്‍ പുറത്തായി. പന്ത് കിട്ടിയ ലങ്കന്‍ വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്വെല നായകന് ധനഞ്ജയ ഡി സില്‍വയുടെ അനുമതിയോടെയാണു ബെയ്ല് ഇളക്കിയത്. ഇന്ത്യയുടെ സ്കോര്‍ 47 ല്‍ എത്തിയതേ ഉണ്ടായിരുന്നുള്ളൂ.
സാമൂഹിക മാധ്യമങ്ങളില്‍ ചേരിതിരിഞ്ഞു ചര്‍ച്ച തുടങ്ങി. രാഹുലാണു റണ്ണൗട്ടിനു കാരണമെന്നു ചിലരും ദൗര്ഭാഗ്യമാണെന്നു മറുപക്ഷവും വാദിച്ചു. ലങ്കന്‍ ബൗളര്‍ മനപൂര്‍വമാണു യശ്സ്വാളിനെ തടസപ്പെടുത്താന്‍ ശ്രമിച്ചതെന്നും കുറ്റപ്പെടുത്തലുണ്ട്. ലങ്കന്‍ ടീമിന്റെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്ലായ്മയും വിമര്‍ശനത്തിനു കാരണമായി. ജയ്സ്വാള്‍ ടെസ്റ്റില്‍ മൂന്നാം തവണയാണു റണ്ണൗട്ടാകുന്നത്. 2024 ല്‍ ഓസ്ട്രേലിയയ്ക്കെതിരേ നടന്ന മെല്‍ബണ്‍ ടെസ്റ്റിലും ജയ്സ്വാള്‍ ബൗളറുമായി കൂട്ടിയിടിച്ചു വീണ് റണ്ണൗട്ടായി.
ജയ്സ്വാളിന് റണ്‍ ഓടിയെടുക്കാമായിരുന്നെന്നു ഇന്ത്യയുടെ മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറിന്റെ അഭിപ്രായപ്പെട്ടു. ''രാഹുല്‍ വളരെ സുരക്ഷിതമായി ക്രീസിലെത്തി. ജയ്സ്വാള്‍ ആശയക്കുഴപ്പത്തിലായിപ്പോയെന്നും'' മഞ്ജരേക്കര്‍ പറഞ്ഞു. ലങ്കന്‍ നായകന് വേണമെങ്കില്‍ ജയ്സ്വാളിനെ തിരിച്ചു വിളിക്കാമായിരുന്നു. ബൗളറുമായി കൂട്ടിയിടിച്ച് വീണതിനാല്‍ സാധാരണ ബാറ്റര്‍മാരെ തിരികെ വിളിക്കാറുമുണ്ട്. ഇക്കുറി അതുണ്ടായിയെല്ലന്നും മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി.







Comments