
ഡാര്വിന്: ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിന് ജയസാധ്യത. സ്കോര്‍: ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് 198. രണ്ടാം ഇന്നിങ്സ് നാലിന് 161. ബംഗ്ലാദേശ് ഒന്നാം ഇന്നിങ്സ് 426. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഓസീസിന്റെ അലക്സ് ക്യാരി (19), കാമറൂണ്‍ ഗ്രീന്‍ (66 പന്തില്‍ 43) എന്നിവരാണു ക്രീസില്‍. ഓസീസിന് ബംഗ്ലാ സ്കോറിന് ഒപ്പമെത്താന്‍ 67 റണ്‍ കൂടി വേണം. ഓസ്ട്രേലിയന്‍ മണ്ണിലെ ടെസ്റ്റ് ജയമെന്ന നേട്ടത്തിലേക്കാണു ബംഗ്ലാ മുന്നേറ്റം. ഒന്നാം ഇന്നിങ്സില്‍ ആറ് വിക്കറ്റെടുത്ത ഹസന് മഹമൂദ് രണ്ടാം ഇന്നിങ്സില്‍ രണ്ട് വിക്കറ്റുമായി തകര്‍ക്കുകയാണ്. രണ്ടാം ഇന്നിങ്സിലെ രണ്ടാം ഓവറില്‍ തന്ന ഹസന് ജേക്ക് വെതറാള്‍ഡിന്റെ (0) വിക്കറ്റെടുത്തു. മൂന്ന് പന്തുകള്‍ മാത്രം നേരിട്ട ഓസീസ് ഓപ്പണര്‍ ക്ലീന്‍ ബൗള്‍ഡായി.
വൈകാതെ ട്രാവിസ് ഹെഡും (35 പന്തില്‍ 17) ഹസന്റെ പന്തില്‍ ബൗള്‍ഡായി. മാര്‍നസ് ലാബുഷാഗെയും (59 പന്തില്‍ 31) സ്റ്റീവ് സ്മിത്തും (88 പന്തില്‍ 44) ചേര്‍ന്നതോടെ ഓസീസ് തിരിച്ചു വരുമെന്ന പ്രതീക്ഷയുണ്ടായി. ലാബുഷാഗെയെ ബൗള്‍ഡാക്കി തായ്ജുള്‍ ഇസ്ലാം കൂട്ടുകെട്ട് തകര്‍ത്തു. കാമറൂണ്‍ ഗ്രീനിനൊപ്പം ചേര്‍ന്ന സ്മിത്ത് ടീം സ്കോര്‍ 100 കടത്തി. സ്മിത്തിനെ മെഹ്ദി ഹസന് മിറാസ് സ്വന്തം ബൗളിങ്ങില്‍ പിടികൂടിയതോടെ ഓസീസിനു വീണ്ടും തകര്‍ച്ചയെ നേരിട്ടു. ലങ്കയ്ക്കായി ഹസന് മഹ്മൂദ് രണ്ട് വിക്കറ്റും തായ്ജുളും മിറാസും ഒരു വിക്കറ്റ് വീതവുമെടുത്തു.
ക്യാരിയും ഗ്രീനും ചെറുത്തു നില്ക്കുന്നിടത്തോളമാണ് ഓസീസിന്റെ സാധ്യതകള്‍. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്സ് 426 റണ്ണില്‍ അവസാനിച്ചു. 89 റണ്‍ വഴങ്ങി ആറ് വിക്കറ്റെടുത്ത ജോഷ് ഹാസില്വുഡാണു ബൗളര്‍മാരില്‍ കേമന്‍. മിച്ചല്‍ സ്റ്റാര്‍ക് രണ്ട് വിക്കറ്റും പാറ്റ് കുമ്മിന്‍സ്, നഥാന്‍ ലിയോണ്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു. മെഹ്ദി ഹസന് മിറാസ് അര്‍ധ സെഞ്ചുറിയുമായി തിളങ്ങി. 154 പന്തുകള്‍ നേരിട്ട മിറാസ് ഒരു സിക്സറും അഞ്ച് ഫോറുമടക്കം 65 റണ്ണെടുത്തു. ഓപ്പണര്‍ തന്‍സിദ് ഹസന്റെ സെഞ്ചുറിയും (197 പന്തില്‍ ഒരു സിക്സറും എട്ട് ഫോറുമടക്കം 101) നായകന് നജ്മുള്‍ ഹുസൈന് ഷാന്റോയുടെ അര്‍ധ സെഞ്ചുറിയും (126 പന്തില്‍ ഒരു സിക്സറും ഏഴ് ഫോറുമടക്കം 84) ബംഗ്ലാ ഇന്നിങ്സിനു കരുത്തായി. മോമിനുള്‍ ഹഖിന് (95 പന്തില്‍ 49) അര്‍ധ സെഞ്ചുറിയടിക്കാനായില്ല. ടെസ്റ്റില്‍ ഓസ്ട്രേലിയയില്‍ സെഞ്ചുറിയടിക്കുന്ന ആദ്യ ബംഗ്ലാദേശ് ബാറ്ററുമാണ് തന്‍സിദ്.







Comments