
ഗാള്‍: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റിന് 288 റണ്ണെന്ന നിലയിലാണ്.
കന്നി ടെസ്റ്റ് സെഞ്ചുറിയടിച്ച മറുനാടന്‍ മലയാളി ദേവദത്ത് പടിക്കലും (178 പന്തില്‍ ഒരു സിക്സറും 12 ഫോറുമടക്കം 131) ഋഷഭ് പന്തുമാണ് (36 പന്തില്‍ ഒരു സിക്സറും മൂന്ന് ഫോറുമടക്കം 27) ക്രീസില്‍. ഓപ്പണര്‍ ലോകേഷ് രാഹുല്‍ (162 പന്തില്‍ ഒരു സിക്സറും ഒന്‍പത് ഫോറുമടക്കം 77) റിട്ടയേഡ് ഹര്‍ട്ടായി. ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ (37 പന്തില്‍ 32), നായകന് ശുഭ്മന്‍ ഗില്‍ (28 പന്തില്‍ 16) എന്നിവര്‍ പുറത്തായി.
ഗാള്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ശുഭ്മന്‍ ഗില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പ്രതീക്ഷിച്ചതു പോലെ ഒന്നാം ദിവസത്തിന്റെ അവസാന സെഷനുകളില്‍ മഴ വില്ലനായിരുന്നു. ഗാളിലെ പിച്ച് ബാറ്റിങിന് അനുകൂലമാകുമെന്ന ഗില്ലിന്റെ കണക്കു കൂട്ടല്‍ തെറ്റിയില്ല. പരുക്കേറ്റു പുറത്തായ ബി. സായ് സുദര്‍ശനു പകരമാണു ദേവദത്ത് പടിക്കല്‍ ടീമിലെത്തിയത്്. താരത്തിന്റെ കരിയറിലെ മൂന്നാമത്തെ ടെസ്റ്റാണിത്.
ഇന്ത്യ മൂന്ന് ഇടംകൈയന്‍ സ്പിന്നര്‍മാരെ അണിനിരത്തിയപ്പോള്‍ മുഹമ്മദ് സിറാജും പ്രസിദ്ധ കൃഷ്ണയും മാത്രമാണു പേസ് നിരയിലുള്ളത്. കന്നിക്കാരന് ഓഫ് സ്പിന്നര്‍ കെഷാര നുവാന്തയ്ക്ക് ലങ്ക അവസരം നല്കി. പരുക്കേറ്റ ഓപ്പണര്‍ പാതും നിസങ്കയ്ക്കു പകരം നിഷാന്‍ മദുഷ്ക കളിച്ചു. നിരോഷന്‍ ഡിക്വെല മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ടെസ്റ്റ് ടീമില്‍ ഇടംനേടി.
ദേവദത്തും രാഹുലും ചേര്‍ന്ന രണ്ടാം വിക്കറ്റ് സഖ്യമാണ് ഇന്ത്യന്‍ ഇന്നിങ്സിന്റെ നട്ടെല്ല്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 150 റണ്‍ ചേര്‍ത്തിരുന്നു. വലതു കൈക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ മൂന്നാം സെഷനില്‍ ബാറ്റിങ്ങിനിറങ്ങിയില്ല. ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്.
11-ാം ഓവറില്‍ രാഹുലുമായുണ്ടായ ആശയക്കുഴപ്പമാണ് ജയ്സ്വാളിന്റെ റണ്ണൗട്ടിലേക്കു നയിച്ചത്. നുവാന്ത എറിഞ്ഞ പന്തില്‍ സിംഗിളെടുക്കാനായിരുന്നു രാഹുലിന്റെ ശ്രമം. മിഡ് ഓണിലേക്ക് അടിച്ചയുടനെ തന്നെ രാഹുല്‍ ഓടി. പന്ത് തടയാന്‍ ശ്രമിച്ച ബൗളറുമായി കൂട്ടിയിടിച്ച് വീണ ജയ്സ്വാളിന് ഓടാനിയില്ല. എഴുന്നേറ്റ് ഓടാനായി ശ്രമിച്ചപ്പോഴേക്കും രാഹുല്‍ നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലെത്തി. പ്രഭാത് ജയസൂര്യ വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്വെലയ്ക്ക് പന്ത് എറിഞ്ഞു കൊടുത്തു. ജയ്സ്വാള്‍ ഓടിയെത്തുഴേയ്ക്കും ബെയ്ല്‍സ് ഇളക്കിയിരുന്നു.
ഏകദിന ശൈലിയില്‍ ബാറ്റ് ചെയ്യവേയാണു നിര്‍ഭാഗ്യകരമായി ജയ്സ്വാള്‍ പുറത്തായത്. രണ്ടാം വിക്കറ്റില്‍ ഒന്നിച്ച രാഹുലും പടിക്കലും ക്ഷമയോടെ ബാറ്റ് ചെയ്തു. ഇരുവരും ഉറച്ചു നിന്നതോടെ ഒന്നാം ദിവസത്തെ രണ്ട് സെഷനുകളിലും ആധിപത്യം പുലര്‍ത്താന്‍ ഇന്ത്യക്കായി. ടീം സ്കോര്‍ 101 ല്‍ നില്‍ക്കേയാണ് ആദ്യം മഴയെത്തിയത്്. രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 89 പന്തില്‍ അര്‍ധ സെഞ്ചുറിയും 187 പന്തില്‍ സെഞ്ചുറിയും കടന്നു. പടിക്കല്‍ 81 പന്തിലും രാഹുല്‍ 127 പന്തിലും അര്‍ധ സെഞ്ചുറി കടന്നു.
രാഹുല്‍ ചായയ്്ക്ക് തൊട്ടു മുമ്പാണു റിട്ടയേഡ് ഹര്‍ട്ടായത്. ചായയ്ക്കു ശേഷം വൈകാതെ പടിക്കല്‍ കരിയറിലെ ആദ്യ ടെസ്റ്റ് സെഞ്ചുറിയും കുതിച്ചു. നായകന് ശുഭ്മന്‍ ഗില്ലിന് തിളങ്ങാനായില്ല. പ്രഭാത് ജയസൂര്യ ഗില്ലിനെ ലാഹിരു ഇഗ്ലാഗമെയുടെ കൈയിലെത്തിച്ചു. പന്തിന്റെ ഗതി നോക്കാതെ ഷോട്ടെടുത്തതാണു ഗില്ലിനു വിനയായത്. ഋഷഭ് പന്തും പടിക്കലും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് മോശമാക്കിയില്ല. അവര്‍ 64 പന്തില്‍ 50 റണ്ണെടുത്തു. വെളിച്ചക്കുറവിനെ തുടര്‍ന്നാണ് ഒന്നാം ദിവസം നേരത്തെ നിര്‍ത്തിയത്. മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 11.1 ഓവറില്‍ 52 റണ്ണുമായാണു നില്‍ക്കുന്നത്.







Comments