
ന്യൂഡൽഹി: കോൺഗ്രസിന്റെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ കോൺഗ്രസിനും സോണിയ ഗാന്ധിക്കുമെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വന്ദേമാതരത്തെ അപമാനിച്ച കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. രാജസ്ഥാനിലെ ചിറ്റോർഗഡിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശനിയാഴ്ച കോൺഗ്രസ് ആസ്ഥാനത്ത് വന്ദേമാതര ആലാപനം നടക്കുന്നതിനിടയിൽ, ഗാനം നിർത്താൻ സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷനോട് ആവശ്യപ്പെട്ടതായി അമിത് ഷാ ആരോപിച്ചു. "ഇവരുടെ നിർലജ്ജമായ പെരുമാറ്റം നോക്കൂ. കോൺഗ്രസ് പാർട്ടി ആസ്ഥാനത്ത് വന്ദേമാതര ഗാനം ആലപിക്കുന്നതിനിടയിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി പാട്ട് നിർത്താൻ ആവശ്യപ്പെടുകയായിരുന്നു," അദ്ദേഹം പറഞ്ഞു. 140 കോടി ജനങ്ങൾ ഇതെല്ലാം ടിവിയിലൂടെ കാണുന്നുണ്ടെന്നും ഈ പാപത്തിന് ജനങ്ങൾ ഒരിക്കലും മാപ്പ് നൽകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയുടെ ആരോപണങ്ങൾ കോൺഗ്രസ് പൂർണ്ണമായും തള്ളി. ചടങ്ങിൽ വന്ദേമാതരത്തിന്റെ പൂർണ്ണരൂപം തന്നെയാണ് ആലപിച്ചതെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഗാനം നിർത്തുവാൻ സോണിയ ഗാന്ധി ആവശ്യപ്പെട്ടുവെന്നത് തെറ്റാണെന്നും, ഏറെനേരമായി നിന്നു കൊണ്ടിരുന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ഇരിപ്പിടം ഒരുക്കാൻ പ്രവർത്തകർക്ക് നിർദ്ദേശം നൽകുകയാണ് അവർ ചെയ്തതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് വിശദീകരിച്ചു.1937-ലെ കൽക്കട്ട കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിന്റെ തീരുമാനപ്രകാരമാണ് വന്ദേമാതരത്തിന്റെ ആദ്യ വരികൾ മാത്രം ആലപിക്കുന്നത് എന്ന ചരിത്രപരമായ വശവും കോൺഗ്രസ് ചൂണ്ടിക്കാണിച്ചു.







Comments