
ശബരിമല: ചിങ്ങ മാസ പൂജയ്‌ക്കായി ശബരിമല നട തുറന്നു. വൈകീട്ട് അഞ്ചിന് തന്ത്രി കണ്‌ഠര്‍ ബ്രഹ്‌മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പ്രസാദ് ഇ.ഡി. നടതുറന്ന് ദീപം തെളിച്ചു. തുടര്‍ന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്നി പകര്‍ന്നു. ചിങ്ങമാസം ഒന്നിന് പുതുവര്‍ഷ ദിനത്തില്‍ അഞ്ചുമണിക്കാണ് ദര്‍ശനത്തിനായി നട തുറക്കുക. ശബരിമല ഉള്‍ക്കഴകത്തെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും ചിങ്ങം ഒന്നിന് നടക്കും. രാവിലെ ഉഷ പൂജയ്‌ക്കു ശേഷമാണ് ഉള്‍ക്കഴകത്തെ തെരഞ്ഞെടുക്കുക.
മേല്‍ശാന്തിയെ പൂജാകാര്യങ്ങളില്‍ സഹായിക്കുക എന്നതാണ് ഉള്‍ക്കഴകത്തിന്റെ ചുമതല. പമ്പ ഗണപതി ക്ഷേത്രത്തിലെ മേല്‍ശാന്തിമാരെ തെരെഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും നാളെയാണ്. ചിങ്ങം ഒന്നുമുതല്‍ വൈകിട്ട് ദീപാരാധനയ്‌ക്ക് ശേഷം പതിനെട്ടാം പടിയില്‍ പടിപൂജ ഉണ്ടായിരിക്കും. ചിങ്ങമാസ പൂജകള്‍ പൂര്‍ത്തിയാക്കി 21ന് രാത്രി 10ന് ശബരിമല നട അടയ്‌ക്കും. ഓണവുമായി ബന്ധപ്പെട്ട പൂജകള്‍ക്കായി 24ന് ശബരിമല നട തുറക്കും.







Comments